വിക്രം സിനിമയുടെ തിരക്കഥ വായിച്ച ശേഷം കമൽഹാസൻ സംവിധായകൻ ലോകേഷ് കനകരാജിനോടു പറഞ്ഞു. ‘ദിസ് ഈസ് യുവർ വേൾഡ്, എനിക്ക് ഇഷ്ടമായി. ഇതിൽ ഞാനൊരു നടൻ മാത്രം’. ഒരു തിരുത്തൽ പോലും വരുത്താതെ കമൽഹാസൻ കഥ ലോകേഷിനു തിരിച്ചു നൽകി. ഓരോ ശ്വാസത്തിലും കമൽഹാസനെ ആരാധിക്കുന്ന ലോകേഷിനു കിട്ടിയ ഓസ്കർ അവാർഡായിരുന്നു ആ വാക്കുകൾ. 

 

ഉലകനായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിൽ ഒരു ചിത്രം കൂടി, വിക്രം. ഈ സിനിമയുടെ വിജയത്തോടെ മറ്റൊരു പേരു കൂടി ആരാധകർ മനസിൽ കോറിയിട്ടു. സംവിധായകൻ ലോകേഷ് കനകരാജ്. കമൽഹാസന്റെ കടുത്ത ഫാൻ കൂടിയായ ലോകേഷിനു ഈ വിജയം സ്വപ്നതുല്യമായിരുന്നു. വെറും നാലു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. മാനഗരം, കൈതി, മാസ്റ്റേഴ്സ്, പിന്നെ വിക്രം. എല്ലാം ഒന്നിനൊന്ന് മികച്ചത്. കമൽഹാസന്റെ നടനവൈഭവം അതിവിദഗ്ധമായി സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ക്യാമറയ്ക്കു പിന്നിൽ ആക്ഷൻ പറഞ്ഞ വ്യക്തിയെ തിരഞ്ഞു. ആ സംവിധായകന്റെ ജീവിത കഥ ഇന്റർനെറ്റിൽ പരതി. ആ ജീവിതവും സിനിമാ കമ്പവും അടുത്തറിഞ്ഞപ്പോൾ ലോകേഷ് കനകരാജെന്ന സംവിധായകന് ആരാധകരുടെ എണ്ണം കൂടി. അവർ ഒരേ സ്വരത്തിൽ പറ​ഞ്ഞു. ലോകേഷ് കനകരാജ് തുടങ്ങിയിട്ടേയുള്ളൂ. 

 

ഏതൊരു സിനിമാ പ്രവർത്തകനേയും പോലെ കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്കക്കാലം. സ്വദേശം പൊള്ളാച്ചിക്കടുത്തു കിണത്തുകടവ്. കോയമ്പത്തൂരിലെ ബിരുദ പഠനം കഴിഞ്ഞ് എംബിഎ ചെയ്യുന്നതിനു ചെന്നൈയിൽ എത്തി. സിനിമാപശ്ചാത്തലം ഒട്ടുമില്ല. സിനിമാ മോഹത്തിന് കുടുംബത്തിൽ നിന്നും ഒട്ടും പിന്തുണയുണ്ടായില്ല. പകരം കിട്ടിയത് അച്ഛനിൽ നിന്നും അടിയും വഴക്കും. ഒരു സാധാരണ ബാങ്ക് ജീവനക്കാരനായി കരിയർ തുടങ്ങി. തിരക്ക് പിടിച്ച ജോലിക്കിടയിലും മനസ് സിനിമയിൽ ഉടക്കി നിന്നു. ജോലി ഉപേക്ഷിച്ച് സിനിമയിൽ പരീക്ഷണം നടത്താൻ ധൈര്യമില്ല. ഷോർട് ഫിലിമികളിലായിരുന്നു അരങ്ങേറ്റം. കട്ട സപ്പോർട്ടുമായി സുഹൃത്തുക്കളും. ഒരു കോർപറേറ്റ് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സമ്മാനം നൽകിയത് യുവസംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയിലേക്ക് വരാൻ ഉപദേശിച്ചത് അദ്ദേഹമായിരുന്നു. ഏറെ ആത്മവിശ്വാസം നൽകിയ വാക്കുകളായിരുന്നു അത്. കളം എന്ന പേരിൽ 45 മിനിറ്റ് ഷോർട് ഫിലിം  കാർത്തിക് സുബ്ബരാജ്  തന്റെ പ്രൊഡക്ഷനിൽ റിലീസ് ചെയ്ത ‘അവിയൽ’ എന്ന ഷോർട്ഫിലിം ആന്തോളജിയിൽ ഉൾപ്പെടുത്തി  

വേറിട്ട ഫ്രെയ്മും ആക്ഷൻ രംഗങ്ങളും ലോകേഷിന്റെ സൃഷ്ടികളെ ശ്രദ്ധേയമാക്കി. പതുക്കെ ഷോർട് ഫിലിമുകളിൽ നിന്നും കളംമാറ്റി ചവിട്ടാനുള്ള കരുത്ത് നേടി. 2017 ൽ കളം എന്ന ഷോർട്ട് ഫിലിമിന്റെ കഥ മാറ്റിെയഴുതി ‘മാനഗരം’ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കി. വേറിട്ട ട്രാക്കിൽ ഒരുക്കിയ ഈ തിരക്കഥ ലോകേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പ്രധാന  കഥപാത്രങ്ങൾക്കു പേരില്ല, വ്യത്യസ്തമായ ക്ലൈമാക്സ്. സങ്കീർണമായ സീനുകൾ. ‘എക്സ്ട്രാ ഓർഡിനറി..!’ എന്ന് സാക്ഷാൽ രജനികാന്ത് വരെ ചിത്രത്തെ വിശേഷിപ്പിച്ചു. ചിത്രം വൻഹിറ്റായി. അടുത്ത യാത്ര കൈതിയിലേക്ക്. മൻസൂർ അലി ഖാനായിരുന്നു ആദ്യം കൈതിയിലേക്ക് നായകനായി ആലോചിച്ചത്. എന്നാൽ ചർച്ചകൾക്കൊടുവിൽ കാർത്തിയ്ക്കു നറുക്കു വീണു. കഥ കേട്ട് കാർത്തി ആവേശം കൊണ്ടു. ലോകേഷ് എന്ന പ്രതിഭയുടെ കയ്യൊപ്പ് ഒരിക്കൽക്കൂടി സിനിമാലോകം തിരിച്ചറിഞ്ഞ ചിത്രമായിരുന്നു കൈതി. 

ആദ്യ ചിത്രമായ മാനഗരത്തിനു ശേഷം ലോകേഷിന്റെ കഴിവ് തിരിച്ചറിഞ്ഞത് വിജയ് തന്നെയായിരുന്നു. ഇളയ ദളപതി ഡേറ്റ് നൽകി. അങ്ങനെ അടുത്ത ഹിറ്റും പിറന്നു, മാസ്റ്റേഴ്സ്. ഒരു തുടക്കക്കാരനായിട്ടും ലോകേഷെന്ന സംവിധായകനു വിജയ് പൂർണസ്വാതന്ത്ര്യം നൽകി. ഏറ്റവും ഒടുവിൽ വിക്രവും. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ പ്രത്യേക മിടുക്ക് ലോകേഷ് വിക്രമിൽ നന്നായി ഉപയോഗിച്ചു. ആക്ഷനും ഡ്രാമയും സമാസമം ഉപയോഗിച്ചപ്പോൾ കമൽഹാസൻ ആരാധകർക്കു അതൊരു ആസ്വാദന വിരുന്നായി. മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തമാണ് ലോകേഷിന്റെ സംഘട്ടന ചിത്രീകരണം. പൂർണമായും സ്റ്റണ്ട് ഡയറക്ടർക്കു ചുമതല നൽകില്ല. അടിയും തിരിച്ചടിയും കൃത്യമായി സ്ക്രിപ്റ്റിൽ എഴുതിത്തയ്യാറാക്കും. വിക്രമിലെ ഓരോ ഫൈറ്റ് സീനും തിയറ്ററുകളെ കോരിത്തരിപ്പിച്ചതു അതുകൊണ്ടു തന്നെ. 

അടുത്ത ഏറ്റുമുട്ടൽ വിക്രമും റോളക്സും തമ്മിൽ. അതു വരെ കാത്തിരിക്കാം. ലോകേഷ് കനകരാജിന്റെ സംവിധാന മികവിന്റെ മറ്റൊരു ലെവൽ കാണാം.