ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും എത്തി ചലച്ചിത്രതാരം പാര്‍വതി ജയറാം. കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് പാര്‍വതി അതിഥിയായെത്തിയത്. കൈത്തറി വസ്ത്രമണിഞ്ഞ് 250 േലറെപ്പേര്‍ അണിനിരന്ന ഫാഷന്‍ ഷോ റെക്കോഡുകളും സ്വന്തമാക്കി.

വെള്ളിത്തിരയില്‍ വീണ്ടും കാണാന്‍ മലയാളി ആഗ്രഹിക്കുന്ന നായിക, ഫാഷന്‍ റാംപില്‍ ചുവടുവച്ച് ആരാധകര്‍ക്ക് മുന്നിലേക്ക്.സിനിമയിലേക്കുള്ള മടങ്ങിവരവല്ലങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വതിയെ നേരില്‍ കണ്ടതിന്റെ ആവേശവും സ്നേഹവും കനകക്കുന്നിലാകെ നിറഞ്ഞു.ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഫാഷന്‍ ഷോ ഒരുക്കിയത്. പാര്‍വതിയുടെ സാന്നിധ്യവും മോഡലുകളുടെ വൈവിധ്യവും ഫാഷന്‍ ഷോയെ ആകര്‍ഷകമാക്കി.

പരമ്പരാഗത കൈത്തറി വസ്ത്രങ്ങളിലെ വിവിധ രൂപങ്ങളണിഞ്ഞ് 250ലേറെ മോഡലുകള്‍. പ്രഫഷണല്‍ മോഡലുകള്‍ക്കൊപ്പം ഭിന്നശേഷിക്കാരും വീട്ടമ്മമാരും കുട്ടികളും ട്രാന്‍സ്ജെന്‍ഡേഴ്സും. ബുള്ളറ്റില്‍ യാത്ര ചെയ്ത് നേട്ടങ്ങള്‍ കൊയ്യുന്ന ഷൈനി ബുള്ളറ്റിലും പഴയതലമുറയുടെ പ്രതീകമായി വൃദ്ധദമ്പതികളും വേദിയില്‍.അങ്ങിനെ ഏറ്റവും കൂടുതല്‍ മോഡലുകള്‍ പങ്കെടുത്തതിന്റെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് വിവേഴ്സ് വില്ലേജ് സ്ഥാപകയും ഷോ ഡയറക്ടറുമായ ശോഭാ വിശ്വനാഥന്‍ ഏറ്റുവാങ്ങി.