TAGS

ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കെജിഎഫ് 2വിന്റെ പടയോട്ടം. പ്രദര്‍ശനത്തിനെത്തി 16 ദിവസങ്ങള്‍ക്കുള്ളിൽ ചിത്രം ആഗോള തലത്തില്‍ 1000 കോടി കലക്ഷന്‍ പിന്നിട്ടു. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ആയിരം കോടി ക്ലബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രണ്ടായിരം കോടി ക്ലബിൽ ഇടം നേടിയ ആമിർ ഖാൻ ചിത്രം ദംഗൽ, 1700 കോടി നേടിയ രാജമൗലി ചിത്രം ബാഹുബലി 2, 1100 കോടിക്കു മുകളിൽ നേടി പ്രദർശനം തുടരുന്ന രാജമൗലി ചിത്രം ആർആർആർ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ. നിലവിലെ വിജയകുതിപ്പ് തുടരുകയാണെകിൽ കെജിഎഫ് 2 ഈ ചിത്രങ്ങളെയെല്ലാം മറികടക്കുമെന്നാണ് വിലയിരുത്തല്‍

ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടിയാണ്  സ്വന്തമാക്കിയത്. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.ഇന്ത്യയിൽ നിന്ന് മാത്രം 780 കോടിക്കു മുകളിൽ നേടിയ ഈ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും സ്വന്തമാക്കിയത് 220 കോടിയോളമാണ്. ഹിന്ദി വേർഷൻ മാത്രം നേടിയത് നാനൂറു കോടിക്ക് മുകളിൽ ആണ്. തമിഴ് നാട്ടിലും, ആന്ധ്രയിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം കന്നഡയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് 50 കോടിക്കു മുകളിൽ നേടിയ കെജിഎഫ് 2 അന്യഭാഷാ ചിത്രങ്ങളില്‍ ഏറ്റവും മികച്ച റിലീസ് ദിന കലക്ഷനും കേരളത്തില്‍ നിന്നും സ്വന്തമാക്കി. കേരളത്തില്‍ ആദ്യമായാണ് ഒരുചിത്രം ഇത്രയധികം ഓപ്പണിങ് കളക്ഷന്‍ നേടുന്നത്. 

7.48 കോടിയാണ് കെജിഎഫിന് കേരളത്തില്‍നിന്നുണ്ടായ ആദ്യ ദിന കലക്ഷന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം സംസ്ഥാനത്ത് വിതരണം ചെയ്തത്. കന്നഡ സിനിമയുടെ തലവര തന്നെ മാറ്റി വരച്ച ഈ ചിത്രം ഇനിയെന്തൊക്കെ റെക്കോർഡുകൾ തകർക്കും എന്ന് കാത്തിരുന്ന് തന്നെ കാണാം.