ഇന്ത്യൻ സിനിമയിൽ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയായി മലയാള സിനിമയിൽ രൂപം കൊണ്ട താര സംഘടനയാണ് ‘അമ്മ’. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കമായത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു എന്നിവരാണ് അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത്. എന്നാല്‍ 1997 ന് ശേഷം അമ്മയുടെ പരിപാടികളിലും, സ്റ്റേജ് ഷോ കളിലൊന്നും സുരേഷ് ഗോപിയെ കണ്ടതേയില്ല. സുരേഷ് ഗോപി അമ്മയില്‍ അംഗമല്ലേ എന്ന് പോലും ആരാധകര്‍ ചോദിച്ചു. അമ്മ സംഘടന ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമ്മയുടെ പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനിന്നത്. ഈ വിയോജിപ്പ് പലകുറി സുരേഷ് ഗോപി തുറന്നുപറയകയും ചെയ്തു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താരസംഘടനയിലേയ്ക്ക് തിരിച്ചു വരികയാണ് സുരേഷ് ഗോപി. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്‍റെ മുഖ്യാതിഥിയായാണ് താരം എത്തുന്നത്. മെയ് ഒന്നാം തിയതി എറണാകുളം ദേശാഭിമാനി റോഡിലുള്ള അമ്മയുടെ മന്ദിരത്തിലാണ് പരിപാടി നടക്കുക. എന്തുകൊണ്ട് അമ്മയില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന ചോദ്യത്തിന് സുരേഷ് ഗോപി ഒരു സ്വകാര്യ അഭിമുഖത്തില്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
"1997ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു 'അറേബ്യൻ ഡ്രീംസ്'. നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കnക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി, പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു.ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാർ) എന്നെ മീറ്റിംഗിൽ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. 'അങ്ങേര് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ' എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. ആ 'താൻ' ഞാൻ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി. തിരിച്ചു പറയേണ്ടി വന്നു. അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി. എന്നിട്ടും അയാൾ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പണമെടുത്തടച്ചു. പക്ഷെ അന്ന് ഞാൻ പറഞ്ഞു. ഞാൻ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല. ഞാൻ മാറി നിൽക്കും. പക്ഷെ അമ്മയിൽ നിന്നും അന്വേഷിക്കും. ഇപ്പോഴും, 1999 മുതൽ ഒരു തീരുമാനമെടുക്കുമെങ്കിൽ എന്നോട് ചർച്ച ചെയ്തിട്ടേ എടുക്കൂ’- സുരേഷ് ഗോപിയുടെ വാക്കുകള്‍.