ദൂര്‍ദര്‍ശന്റെ ആദ്യകാലങ്ങളില്‍ പ്രേക്ഷരെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നുക്കഡ്, ഇന്തസാര്‍ തുടങ്ങിയ ടെലിവിഷന്‍ പരമ്പകള്‍ ഒാര്‍മയില്ലേ...? കുറഞ്ഞപക്ഷം ഇപ്പോള്‍ മധ്യവയസിലേക്ക് കടക്കുന്നവരെങ്കിലും അക്കാലം ഓര്‍ക്കുന്നുണ്ടാകണം. ആ പരമ്പരകളുടെ സംവിധായകനാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറി തലവന്‍. ദൃശ്യഭാഷയില്‍ എന്നും പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാട്ടി വിജയിച്ച, ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തര്‍ മിര്‍സ.
എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രയോക്താവായ അദ്ദേഹത്തിന് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സമാന്തര സിനിമയുടെ മാത്രമല്ല ടെലിവിഷനില്‍ പ്രമേയപരമായ പരീക്ഷണങ്ങളും വിജയകരമായ നിര്‍വഹിച്ചയാളാണ് സയ്യിദ് മിര്‍സ. 1943 മുൈബയിലാണ് ജനനം. പിതാവ് അക്തര്‍ മിര്‍സ തിരക്കഥാകൃത്തായിരുന്നു. 1989 ല്‍ സര്‍ക്കസ് എന്ന ടെലിവിഷന്‍ പമ്പരയില്‍ ഷാരൂഖാനെ അവതരിപ്പിച്ചത് സയ്യിദ് മിര്‍സുടെ സഹോദരന്‍ അസീസ് മിര്‍സയാണ്. 1992 ല്‍ ഷാരൂഖിനെ നായകനായി അസീസ് മിര്‍സ ഒരുക്കിയ രാജു ബെന്‍ഗയാ ജന്റില്‍മാന്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.
സയ്യിദ് അഖ്തര്‍ മിര്‍സ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദമെടുത്തശേഷം ഡോക്യുമെന്ററി സംവിധായകനായാണ് തുടങ്ങിയത്.. സിനിമയുടെ പേരുകളില്‍ പോലും അദ്ദേഹം പുതുമകൊണ്ടുവന്നു. അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്ന ആദ്യ ചിത്രം തന്നെ 1978 ല്‍ ഫിലിം ഫെയര്‍ പുരസ്കാരം നേടി. ആല്‍ബര്‍ട്ട് പിന്റോ കോ ക്യോം ഗുസ്സാ ആതാ ഹെ (1980), മോഹന്‍ ജോഷി ഹാസിര്‍ ഹോ (1984 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ച ിത്രം), സലിം ലാംഗഡെ പെ മത് രോ (1989), തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധനേടി.
ദൂര്‍ദര്‍ശനില്‍ അദ്ദേഹം സംവിധാനം ചെയ്ത നുക്കഡ് എന്ന ടെലിവിഷന്‍ പരമ്പര സാധാരണക്കാരന്റെ യഥാര്‍ഥ ജീവിതമാണ് വരച്ചുകാട്ടിയത്. നുക്കഡിലെ അതേ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഇന്തസാര്‍ എന്ന മറ്റൊരുപരമ്പരയും അദ്ദേഹം ഒരുക്കി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സയ്യിദ് മിര്‍സ 1995 ല്‍ പുറത്തിറക്കിയ നസീം എന്ന ചിത്രത്തോടെ അദ്ദഹം ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ ചിത്രം അദ്ദേഹത്തിന് സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടിക്കൊടുത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്, സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആര്‍.സുധീഷ്, സുസ്മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനര്‍ ജിസ്സി മൈക്കിള്‍, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭന്‍, ഛായാഗ്രാഹകന്‍ വേണുഗോപാല്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
സയ്യിദ് മിര്‍സ, സുന്ദര്‍ദാസ്, കെ.ഗോപിനാഥന്‍ എന്നിവര്‍ക്കു പുറമെ അന്തിമവിധിനിര്‍ണയ സമിതിയില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനര്‍ ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍ എന്നിവരും അംഗങ്ങളായിരിക്കും.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.
ചലച്ചിത്രനിരൂപകന്‍ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മനില സി.മോഹന്‍, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 142 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഏപ്രില്‍ 28ന് ജൂറി സ്ക്രീനിംഗ് ആരംഭിക്കും.