ഹൃദയത്തിലെ ഗാനങ്ങളിലൂടെ കോടിക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവർക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിലൂടെയാണ് ഹിഷാം തെലുങ്കിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.
സമന്തയാണ് ചിത്രത്തിൽ നായിക. കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
എ. ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അങ്ങനെയാണ് ഹിഷാമിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തീയറ്ററുകളിലെത്തും.