സിനിമകളുടെ സെറ്റുകളിൽ പലപ്പോഴും രസകരമായ നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. ഭീഷ്മപർവം ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലെ രസകരമായ ഒരു സംഭവം പങ്കിടുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ദേവദത്ത് ഷാജി
ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ അമി അലി എന്ന കഥാപാത്രം കൊല്ലപ്പെടുന്നുണ്ട്. തുടർന്ന് അമിയുടെ മൃതദേഹവും വഹിച്ച് കൊണ്ടു മമ്മൂട്ടിയും സംഘവും നടക്കുന്ന സീനുണ്ട്. ഈ സമയം മഞ്ചലിൽ ശ്രീനാഥായിരുന്നില്ല, പകരം താനായിരുന്നെന്നു ദേവദത്ത് ഷാജി പറയുന്നു. രംഗത്തിന്റെ ഒരു ചിത്രവും ദേവദത്ത് പുറത്തുവിട്ടു. 'ഭീഷ്മപർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാൻ സാധിച്ചു' എന്ന ക്യാപ്ഷനോടെയാണ് ദേവദത്ത് രസകരമായ സംഭവം പങ്കുവെച്ചത്.