നിധി ഒളിഞ്ഞിരിക്കുന്ന കെജെഎഫിന്റെ അധിപനാകുക.. അതായിരുന്നു റോക്കിയുടെ സ്വപ്നം. നേടിയെടുക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു ലക്ഷ്യം. എന്നാൽ അതിലും കടുപ്പമേറിയ പ്രതിസന്ധികളായിരുന്നു സാൻഡൽവുഡിൽ തന്റെ സിംഹാസനത്തിലേക്കുള്ള യാത്രയിൽ യാഷ് എന്ന നടനു നേരിടേണ്ടി വന്നത്.
കർണാടകയിലെ ഹസ്സൻ ജില്ലയിൽ ഭുവനഹള്ളിയെന്ന ഗ്രാമത്തിൽ വൊക്കലിഗ കുടുംബത്തിൽ ജനിച്ച നവീൻ കുമാർ ഗൗഡക്കു യാഷ് എന്ന സൂപ്പർ താരത്തിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. സാധാരണ കുടുംബം. പിതാവ് അരുൺ കുമാർ ജെ. കർണാടകയിൽ കെഎസ്ആർടിസി ജീവനക്കാരനായിരുന്നു. ബാല്യകാലം മൈസൂരിൽ. മഹാജന എഡ്യൂക്കേഷൻ സൊസൈറ്റിയിൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു ചേർന്നു. പഠനകാലത്തു തന്നെ നടനാകണമെന്നായിരുന്നു സ്വപ്നം. ഭാവിയിൽ ആരാകണമെന്നു ചോദിച്ചപ്പോൾ ഒരു ഹീറോ ആകണമെന്നായിരുന്നു യാഷിന്റെ മറുപടി. താൻ ഒരു ഹീറോ ആണെന്നു യാഷ് സ്വയം വിശ്വസിച്ചു . കൂട്ടുകാർ അവരെ ഹീറോ എന്നു വിളിച്ചു. ആ വിളി വെറുതെയായില്ലെന്നു കാലം തെളിയിച്ചു. അഭിനയമോഹത്തെ പക്ഷെ വീട്ടുകാർ എതിർത്തു. പഠനം പൂർത്തിയാക്കാനായിരുന്നു ഉപദേശം. എന്നാൽ യാഷിന്റെ മനസിൽ വിളക്കിച്ചേർത്ത സ്വപ്നങ്ങൾക്കു സ്വർണത്തേക്കാൾ പത്തരമാറ്റ് തിളക്കമുണ്ടായിരുന്നു. ഒന്നും ആലോചിച്ചില്ല. തന്റെ സിംഹാസനം സ്വന്തമാക്കാൻ വെറും മുന്നൂറു രൂപയുമായി ബംഗലരുവിലേക്ക് വണ്ടി കയറി. ഒരു തിരിച്ചു പോക്കില്ലെന്നുറപ്പിച്ച യാത്ര. നാട്ടുമ്പുറത്തുകാരനായ താൻ ബംഗലൂർ സിറ്റി കണ്ടു പകച്ചെന്നു പിന്നീട് യാഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വഴിയറിയാതെ നട്ടം തിരിഞ്ഞു. ജീവിക്കാനായി പല പണികളും ചെയ്തു. കൈമുതലായി ഉണ്ടായിരുന്നത് ആത്മവിശ്വാസവും ദൃഢനിശ്ചയവും മാത്രം.
അഭിനയത്തിലേക്കുള്ള ചവിട്ടുപടിയായി യാഷ് കണ്ടത് നാടകമായിരുന്നു. അതിനായി പ്രശസ്തമായ ബേനക നാടക ട്രൂപ്പിൽ ചേർന്നു. ജീവിതത്തിന്റെ പല തലങ്ങളും നിരീക്ഷിക്കാൻ നാടകം യാഷിനെ പഠിപ്പിച്ചു . നിരന്തരമായ ശ്രമങ്ങളിലൂടെ സീരിയലായ നന്ദ ഗോകുലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം. ജീവിക്കാനാവശ്യമായ പണത്തിനു വേണ്ടിയായിരുന്നു യാഷ് സീരിയലുകളിൽ അഭിനയിച്ചത്. 2008 ൽയാഷ് സ്വപ്നം കണ്ട ആ മുഹൂർത്തം എത്തി. മൊഗ്ഗിന മാനസു എന്ന ചിത്രത്തിൽ സഹതാരമായി അരങ്ങേറ്റം . ആ വർഷത്തെ മികച്ച സപ്പോർട്ടിങ് താരത്തിനുള്ള ഫിലിംഫെയർ അവാർഡ് യാഷിനു ലഭിച്ചു. സ്വപ്നത്തിലേക്കുള്ള യാത്ര യാഷ് തുടങ്ങിയിരുന്നു.
2011 ൽ പുറത്തിറങ്ങിയ രാജധാനിയിലെ പ്രകടനം മികച്ച അഭിപ്രായം നേടി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കിരാതക കൊമേഴ്സ്യൽ സക്സസായിരുന്നു. 2012 ൽ രണ്ടു ചിത്രങ്ങളുടെ മേജർ റിലീസ്. ലക്കിയും ജാനുവും. തൊട്ടു പിന്നാല പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ഡ്രാമ ബോക്സ് ഓഫിസിൽ കളക്ഷൻ വാരി. 2014 ൽ മിസ്റ്റർ ആൻഡ് മിസിസ് രാമചാരി എന്ന ചിത്രത്തിന്റെ മിന്നും വിജയം യാഷിനെ
സാൻഡൽവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാക്കി മാറ്റി. കന്നഡ സിനിമയിൽ തന്റെ സിംഹാസനം ഉറപ്പിച്ച ചിത്രമായിരുന്നു ഇത്.
കന്നഡ സിനിമയിൽ മാത്രം തിളങ്ങി നിന്ന യാഷിന്റെ കരിയറിലെ സുവർണ വർഷമായിരുന്നു 2018. കന്നടയ്ക്കു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 1 ഈ നടന്റെ തലവര മാറ്റിയെഴുതി. അന്നുവരെ കന്നഡ സിനിമയിൽ മാത്രം അറിയപ്പെട്ടിരുന്ന യാഷ് രാജ്യം മുഴുവൻ അറിയപ്പെടുന്ന താരമായി.
‘പ്രശസ്തനായിട്ടേ മരിക്കാവൂ. നിന്നെ ആളുകൾ അറിയണം.’’ കെജിഎഫിൽ മരണക്കിടക്കയിൽ അമ്മ മകനോടു പറഞ്ഞ വാക്കുകൾ. നിസഹായനായ പയ്യനിൽ നിന്ന് ആർക്കും തോൽപിക്കാനാകാത്ത റോക്കിയിലേക്കുള്ള വളർച്ചയാണു പിന്നെ കണ്ടത്. സിനിമയിലെ അമ്മയുടെ ഈ ഉപദേശം തന്നെയാണ് സ്വന്തം ജീവിതത്തിലും യാഷ് പകർത്തിയത്. അപാരമായ ആക്‌ഷൻ രംഗങ്ങൾ കെജിഎഫിന്റെ പ്രത്യേകതയായിരുന്നു. പ്രഫഷനൽ മികവു തികഞ്ഞ സംവിധാനം. കോരിത്തരിപ്പിക്കുന്ന വിഷ്വൽ ട്രീറ്റ്. നിരവധി പഞ്ച് ഡയലോഗുകൾ. ബോളിവുഡിൽ നിന്നു സാക്ഷാൽ കിങ് ഖാൻ ഷാറൂഖ് വരെ യാഷിനെ നേരിട്ടു വിളിച്ചു അഭിനന്ദിച്ചു. കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി. 250 കോടിയായിരുന്നു ലാഭം.
അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ നടി രാധിക പണ്ഡിറ്റിനെ ജീവിതസഖിയാക്കി. സീരിലുകളിൽ അഭിനയിക്കുന്ന കാലം മുതൽക്കെ തന്റെ കൂടെ അഭിനയിച്ചു കൊണ്ടിരുന്ന നടി കൂടിയായിരുന്നു രാധിക. സിനിമയിൽ മാസ് തരംഗം തീർക്കുന്ന ഒരു നടൻ മാത്രമല്ല യാഷ്. ഭാര്യയുമായി ചേർന്നു നടത്തുന്ന യാഷോ മാർഗ ഫൗണ്ടേഷൻ സമൂഹത്തിന് തനിക്കു സാധിക്കുന്ന വിധത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തുന്നു.