‘നിങ്ങൾക്കൊരു ഉപദേശം തരാം... ഒരു കാലത്തും അയാളെ എതിർത്തുനിൽക്കരുത്...’ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാർഥത്തിൽ ഒരു മുന്നറിയിപ്പായിരുന്നു... ഒപ്പം വരാൻ ഒരുങ്ങി നിന്നവർക്കും വന്നവർക്കുമുള്ള മുന്നറിയിപ്പ്. കാരണം കെജിഎഫ് –2 എന്ന കാട്ടുതീയാണ് പ്രശാന്ത് നീൽ പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഇനി സിനിമയെകുറിച്ച് എല്ലാവർക്കും ഒരു മുന്നറിയിപ്പ് തരാം.. ‘എന്തുവന്നാലും ഈ സിനിമ തിയേറ്ററിൽ തന്നെ കാണണം... കാരണം അത്രയ്ക്കുണ്ട് ഈ സിനിമയുടെ ആവേശവും ആരവവും’.
വളരെയധികം ആരാധകരുള്ള ഒരു മാസ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുക എപ്പോഴും വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ‘റോക്കി’ എന്ന കഥാപാത്രം ആരാധക ഹൃദയങ്ങളെ കീഴടക്കിയ സാഹചര്യത്തിൽ. പ്രതീക്ഷകളുടെ കൊടുമുടിയേറിയായിരുന്നു റോക്കിയുടെ രണ്ടാം വരവ്... തിയറ്റർ കിട്ടാതിരുന്ന ആദ്യ ഭാഗത്തിൽ നിന്ന് ടിക്കറ്റ് കിട്ടാതിരിക്കുന്ന രണ്ടാം ഭാഗത്തിലേക്കാണ് റോക്കി തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. ഈ വെല്ലുവിളി പ്രശാന്ത് നീൽ എന്ന സംവിധായകൻ വളരെ കൂളായി മറികടന്നു.
ഒന്നാം ഭാഗത്തോട് കട്ടയ്ക്ക് നിൽക്കുന്ന അതിനേക്കാൾ ഒരുപിടി മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗമാണ് നീൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആദ്യ ഭാഗത്തിൽ റോക്കി ഒറു തീപ്പൊരിയായിരുന്നു. ആ തീപ്പൊരി രണ്ടാം ഭാഗമെത്തുമ്പോഴേക്കും തീയായി കാട്ടുതീയായി കത്തിക്കയറി എതിരാളികളെയാകെ ചൂട്ടുവെണ്ണീറാക്കുന്ന കാഴ്ചയാണ് കാണാനാകുക. റോക്കിക്ക് നിറഞ്ഞാടാനുള്ള സംഭവങ്ങളെ കൃത്യമായ പേസിൽ ആവേശവും ഉദ്വേഗവും ഇമോഷൻസും കൃത്യമായ അളവിൽ ചേർത്തൊരുക്കിയ മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റര് 2.
ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാർഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെജിഎഫിന്റെ തലപ്പത്തേക്കുള്ള റോക്കിയുടെ ഉദയം മുതലാണ് കഥ പുനരാരംഭിക്കുന്നത്. ഗരുഡയെ വകവരുത്തി കെജിഎഫ് ഏറ്റെടുത്ത റോക്കിയെ കാത്തിരിക്കുന്ന പുതിയ എതിരികളെയാണ് രണ്ടാം ഭാഗം കാണിച്ച് തരുന്നത്.
സമാന്തരമായി രാജ്യത്ത് സംഭവിച്ച അധികാരക്കൈമാറ്റത്തിലൂടെ ശക്തയായ പ്രധാനമന്ത്രിയും റോക്കിയുടെ സാമ്രാജ്യത്തിന് ഭീഷണിയുയർത്തുന്നു. ഇതിനെ റോക്കി എങ്ങനെ നേരിടും എന്നതാണ് കെജിഎഫ് 2 പറഞ്ഞുവയ്ക്കുന്നത്. ശക്തവും കെട്ടുറപ്പുള്ളതുമായ തിരക്കഥ കൊണ്ട് സിനിമയുടെ പ്രവചാനാത്മകതയെ മറികടക്കുന്നുണ്ട് പ്രശാന്ത് നീൽ എന്ന സംവിധായകൻ. മേക്കിംഗിലൂടെ പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
യാഷ് എന്ന നടന് വേണ്ടി രൂപകല്പന ചെയ്ത കഥാപാത്രം അദ്ദേഹം അതിമനോഹരമായി സ്ക്രീനിൽ പകര്ന്നാടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ മികച്ച മാസ് കഥാപാത്രങ്ങളിലേക്കാണ് റോക്കിയിലൂടെ യാഷ് നടന്നുകയറുന്നത്. ചെറുചലനങ്ങൾ കൊണ്ടുപോലും പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ യാഷിന് കഴിഞ്ഞു.
നായകൻ വെല്ലുവിളി ഉയർത്താൻ പോന്ന എതിരാളികളെ എതിർ ചേരിയിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് സിനിമയെ കൂടുതൽ എൻഗേജിംഗ് ആക്കി മാറ്റുന്നത്. ഏറെ പ്രത്യേകിച്ച് ‘അധീര’ എന്ന വില്ലനായെത്തിയ സഞ്ജയ് ദത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. സ്ക്രീന് സ്പേസ് കുറവാണെങ്കിലും സിനിമയിലുടനീളം ആ സാന്നിധ്യം പ്രകടമാക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ദത്ത് റോക്കിക്ക് ചേർന്ന വില്ലനായിരുന്നു. ഗംഭീരമായ ഒന്നാം പാതിയും മികച്ച രണ്ടാം പാതിയും ഗംഭീര ക്ലൈമാക്സും പ്രേക്ഷകരെ ആവേശത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്ന ടെയിൽ എൻഡും ചേരുമ്പോൾ കെജിഎഫ് ചാപ്റ്റർ 2 ആരാധകരെ രോമാഞ്ചമണിയിക്കുന്ന മാസ് ചിത്രമായി മാറുന്നു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളാണ്. രാമിക സെൻ എന്ന പ്രധാനമന്ത്രി കഥാപാത്രം. നായകന്റെ നിഴലായി പോകുന്ന നായിക കഥാപാത്രത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ശ്രീനിധിയുടെ റീന എന്ന കഥാപാത്രത്തിന് സാധിക്കുന്നുണ്ട്. പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രാമചന്ദ്ര രാജു, അർച്ചന ജോയ്സ്, റാവു രമേശ് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷത്തിലെത്തിയ എല്ലാവർക്കും ശക്തമായ കഥാപാത്രങ്ങളേയും മികച്ച സ്ക്രീൻ സ്പേസും ലഭിക്കുന്നു.
പ്രശാന്തിന്റെ കഥ പറയുന്നതിലെ മാജിക് ആണ് കെജിഎഫ് ഒന്നാം ഭാഗത്തിലെ പ്രധാന ആകർഷണം... നോണ് ലീനിയറായി കഥ പറഞ്ഞുപോകുന്ന മാജിക് നീൽ രണ്ടാം ഭാഗത്തിലും തുടരുന്നു. പല കഥാസന്ദർഭങ്ങളെ കൂട്ടിമുട്ടിച്ച് പഞ്ച് ഡയലോഗുകളുടെയും പശ്ചാത്തലസംഗീതത്തിന്റെയും അകമ്പടിയോടെ സിരകളിൽ തീ പടര്ത്തുകയാണ് പ്രശാന്ത് ചെയ്യുന്നത്. സമാനതകളില്ലാത്ത എഡിറ്റിങ്, ക്യാമറ, പശ്ചാത്തല സംഗീരം എന്നിവ കൂടി ചേരുന്നതോടെ കെജിഎഫ് പൂര്ണം. പ്രത്യേകമായി പറഞ്ഞാൽ രവി ബസൂറിന്റെ സംഗീതം ഒരുപടി മുകളിൽ തന്നെയാണ്. ഓരോ രംഗങ്ങളുടേയും ഫീൽ അതേ തീവ്രവതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം സഹായിക്കുന്നുണ്ട്.
രണ്ടുമണിക്കൂർ നാല്പത്തിയെട്ട് മിനിറ്റ് തിയേറ്ററിൽ ആഘോഷിച്ച് ആരവമുയർത്തി കാണേണ്ട സിനിമയാണ് കെജിഎഫ് ചാപ്റ്റര് 2. സിനിമയുടെ എല്ലാ മേഖലയിലും പെർഫെക്ഷൻ എന്ന വാക്കിനോട് നീതിപുലർത്തിയ ചിത്രം. ഏപ്രില് 14 2022 എന്ന തിയതി ഇന്ത്യൻ സിനമാ ചരിത്രത്തിൽ സ്വര്ണലിപികളിൽ എഴുതിച്ചേർക്കും... കെജിഎഫ് എന്ന പേര്... ഒരു മാസ് ചിത്രം എങ്ങനെയെടുക്കണമെന്നതിന്റെ ഏറ്റവും ശക്തമായ ആഖ്യാനമാണ് ചിത്രം. മാസ് എന്റർടെയിനർ എന്ന ലേബലിൽ ചിത്രങ്ങളിറക്കുന്നവര് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം..
ലാസ്റ്റ് ലൈൻ
രണ്ടുഭാഗങ്ങളിലായി നമ്മെ ത്രസിപ്പിച്ച റോക്കിക്ക് ഉഗ്രൻ യാത്രയയപ്പാണ് പ്രശാന്ത് നൽകിയിരിക്കുന്നത്. രാജകീയമായ ഒരു യാത്രയയപ്പ് എന്ന് നിസംശയം പറയാനാകും കെജിഎഫിലെ അവസാന സീനുകൾ. അയാൾ വന്നത് ഒറ്റയ്ക്കാണ്. കീഴടക്കിയത് ഒറ്റയ്ക്കാണ്. ഹീ ഈസ് എ മോണ്സ്റ്റർ.. ഇനി പറഞ്ഞുതുടങ്ങയിടത്ത് തന്നെ അവസാനിപ്പിച്ചാൽ സിനിമ കാണുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടി തരാം. എൻഡ് ക്രെഡിറ്റ് കണ്ടുകഴിഞ്ഞ് എഴുന്നേൽക്കരുത്. അവിടെയും ചില അദ്ഭുതങ്ങൾ കരുതിവച്ചിട്ടുണ്ട്, സലാം റോക്കി ഭായ്.. സലാം പ്രശാന്ത് നീൽ.