വിജയ് ചിത്രങ്ങൾ തിയറ്ററിലെത്തുമ്പോൾ വലിയ ആഘോഷങ്ങളാണ് ആരാധകർ സംഘടിപ്പിക്കാറുള്ളത്. പാലഭിഷേകം അടക്കമുള്ളവ വലിയ വിമർശനങ്ങൾ നേരിടുമ്പോൾ പുത്തൻ രീതികൾ ആരാധകരും സ്വീകരിക്കുകയാണ്. ‘ബീസ്റ്റ്’നെ സ്വീകരിക്കാൻ സിനിമയിൽ വിജയ്യുടെ ലുക്കിൽ പ്രതിമ പണിഞ്ഞിരിക്കുകയാണ് തമിഴ്നാട്ടിൽ ഒരു കമ്പനി.
നാല് ലക്ഷത്തോളം രൂപ ചെലവായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറോഡിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് ഇത്തരത്തിൽ പ്രതിമ സ്ഥാപിച്ചത്. വിജയ് ആരാധകരെ ആകർഷിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പെട്രോൾ വിതരണവും ചില ആരാധന കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു.
ടീസറിലും ട്രെയിലറിലും കണ്ടതുപോലെ ദളപതിയുടെ മറ്റൊരു ‘രക്ഷകൻ’ പടമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. തീവ്രവാദികളെ മൃഗങ്ങളെപ്പോലെ വേട്ടയാടി ക്രൂരമായി കൊലപ്പെടുത്തുന്നതാണ് വീരരാഘവന്റെ രീതി. സഹപ്രവർത്തകർ ഇന്ത്യൻ ജയിംസ് ബോണ്ട് എന്നു വിശേഷിപ്പിക്കുന്ന വീരരാഘവന്റെ ഈ സ്വഭാവ സവിശേഷതയാണ് ചിത്രത്തിന്റെ ടൈറ്റിലായി സംവിധായകൻ കാണിച്ചുതരുന്നത്. അത്യുഗ്രന്‍ ആക്‌ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.