vidya-husband

വിവാഹത്തെ അഭിനന്ദിച്ചുകൊണ്ട് താൻ സംസാരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഭർത്താവ് സിദ്ധാർഥ് റോയ് കപൂറാണെന്ന് വിദ്യാ ബാലൻ. ഒരു പ്രണയത്തിലോ വിവാഹ ബന്ധത്തിലോ ആയിരിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് വിവാഹത്തിനു മുൻപ് തനിക്കു തോന്നിയിട്ടില്ലെന്നും വിദ്യ വ്യക്തമാക്കി. സിദ്ധാർഥ് ആയതുകൊണ്ടു മാത്രം വിവാഹ ജീവിതത്തിലെ അനുഭവങ്ങള്‌‍ മനോഹരമായിരുന്നു എന്ന് വിദ്യാ ബാലൻ പറഞ്ഞു. വളരെ ക്ഷമയോടെ കാര്യങ്ങൾ കേൾക്കുന്നയാളാണ് സിദ്ധാർഥ് എന്നും വിദ്യ പ്രതികരിച്ചു.

 

2012ലാണ് സിദ്ധാർഥുമായി ഡേറ്റിങ്ങിലാണെന്ന് വിദ്യ വെളിപ്പെടുത്തുന്നത്. 2012 ഡിസംബർ 14ന് മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. ‘എന്റെ ജീവിതത്തിൽ ഏറ്റവും ക്ഷമയോടെ കാര്യങ്ങൾ കേട്ടിരിക്കുന്ന വ്യക്തിയാണ് സിദ്ധാർഥ്. അത് ചെയ്യണം ഇതു ചെയ്യണം എന്നൊന്നും ഇതുവരെ സിദ്ധാർഥ് എന്നെ ഉപദേശിച്ചിട്ടില്ല. അദ്ദേഹം ഞാൻ പറയുന്നത് കേട്ടു കൊണ്ടേയിരിക്കും. അവസാനം എന്റെ പ്രശ്നത്തിന് എനിക്കു തന്നെ പരിഹാരം കണ്ടെത്താൻ സാധിക്കും. സിദ്ധാർഥിനെ പങ്കാളിയായി ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ നല്ല സമയത്തും മോശം സമയത്തും അദ്ദേഹം എനിക്കൊപ്പം നിന്നു. 

 

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 10 വർഷം പിന്നിടുന്നു. ഇന്ന് വിവാഹമെന്ന രീതിയെ ഞാൻ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അതിന് ഏക കാരണം സിദ്ധാർഥാണ്. നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ അവിടെ വിവാഹത്തിന് പ്രത്യേകിച്ചു പ്രാധാന്യമുള്ളതായി എനിക്കു മുൻപ് തോന്നിയിരുന്നില്ല. പക്ഷേ, സിദ്ധാർഥ് ജീവിത പങ്കാഎന്റെ വിവാഹ ജീവിതം മനോഹരമാണ്. ’– വിദ്യ  പറഞ്ഞു. 

 

രഹസ്യമായി വിവാഹം കഴിച്ചതിനെ കുറിച്ചും വിദ്യ പ്രതികരിച്ചു. ‘ഞങ്ങൾ സ്വകാര്യത ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികളാണ്. ഞാന്‍ ഒരു നടിയാണെന്നു കരുതി സ്വകാര്യത നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ജോലി സംബന്ധിച്ചല്ലാതെ ഞാൻ അധികം ചിത്രങ്ങൾ പോലും എടുക്കാറില്ല. യഥാർഥത്തിൽ ഞാൻ വളരെ ഉൾവലിയുന്ന സ്വഭാവമുള്ളയാളാണ്. എന്റെ ഈ സ്വഭാവം മാറ്റാനായി വർഷങ്ങളോളമായി ചിരിച്ചു കൊണ്ട് പൊതുവിടത്തിൽ എത്താനാണ് ഞാൻ ശ്രമിക്കുന്നത്. എന്തു പറയണമെന്നറിയാതെ പതറിപ്പോകുന്ന സമയത്ത് ഞാൻ പലപ്പോഴും ചിരിക്കുകയാണ് ചെയ്യുന്നത്. നാണം തോന്നുന്നതല്ല. ഞാൻ സ്വകാര്യത വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാലാണ് അത്.’– വിദ്യ വ്യക്തമാക്കി.