സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’ എന്ന ചിത്രത്തെ പ്രശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള സിനിമ എന്നാണ് ചിത്രത്തെ രഘുനാഥ് പലേരി വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നതെന്നും അദ്ദേഹം കുറിച്ചു. ണ്ട് തലമുറകളിലെ പിതൃപുത്ര ബന്ധത്തിന്‍റെ കഥയാണ് ‘അപ്പൻ’. നവാഗതനായ മജു സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണിവെയ്നൊപ്പം അലൻസിയർ, ഗ്രേസ് ആന്‍റണി, അനന്യ, പൗളി വിൽസൻ, വിജിലേഷ്, രാധിക രാധകൃഷ്ണൻ തുടങ്ങിയവരാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രത്യേക പ്രിവ്യ ഷോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു രഘുനാഥ് പലേരി.
'കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പൻ. സംവിധാനം മജു. ആർ ജയകുമാറും മജുവും ചേർന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലൻസിയറും.ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊർന്നൂന്ന് മുറിക്കുന്നൊരു ഈർച്ചവാൾ സിനിമ. ഒരിടത്തും അശേഷം ഡാർക്കല്ലാത്തൊരു സിനിമ. വരുമ്പോൾ കാണുക. വ്യത്യസ്ഥമായ സിനിമകൾ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ', ഇങ്ങനെയാണ് രഘുനാഥ് പലേരി ഫേസ്ബുക്കിൽ കുറിച്ചത്.
സംസ്ഥാന പുരസ്കാരം നേടിയ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ജോസ്ക്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, എന്നിവർ ചേര്‍ന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേര്‍ന്നാണ് ചിത്രം ‘അപ്പൻ’ നിര്‍മ്മിച്ചിരിക്കുന്നത്.