dheeraj-denny

നിവിൻ പോളിയുടേയും ടൊവിനോ തോമസിന്റേയും കുടുംബത്തിൽ നിന്നും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഒരു നായകൻ കൂടി. ധീരജ് ഡെന്നി. താരം തന്റെ പ്രതീക്ഷകളും സിനിമാ സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു. 

 

സിനിമാലോകം ഒരു നീണ്ട ബഞ്ചാണ്. ആ ബഞ്ചിൽ നിനക്കുള്ള സീറ്റ് ഇവിെടയുണ്ട് എന്നു പറഞ്ഞാണ് തന്റെ കസിൻ കൂടിയായ ധീരജിനെ ടൊവിനോ സിനിമയിലേക്ക് ക്ഷണിച്ചത്. ആ ബഞ്ചിൽ സീറ്റ് എത്രത്തോളം ഉറപ്പിച്ചിട്ടുണ്ട് ?

 

ബഞ്ച് മനോഹരവും വലുതുമാണ്. അതവിടെയുണ്ടാകും. ആർക്കും വന്നിരിക്കാം. എന്നാൽ ഉറപ്പുള്ള ഇരിപ്പിടമല്ല. എപ്പോൾ വേണമെങ്കിലും എണീറ്റു പോകേണ്ടി വരും. നമ്മളിലുള്ള വിശ്വാസമാണ് വലുത്. നിലനിർത്താൻ ബുദ്ധിമുട്ടാണ്. സീറ്റ് സ്ഥിരം അല്ല. 

 

സ്വന്തം സ്ഥലം ആലുവ. എണ്ണീയാൽ തീരാത്ത നടൻമാരാണല്ലോ ആലുവയിൽ ?

 

ജോൺ എബ്രഹാമാണ് തുടക്കക്കാരൻ. ദിലീപാണ് താരപദവിയിലെത്തിയ ആദ്യ താരം. നിവിൻ പോളി, ശബരീഷ്, കിച്ചു, സിജു വിൽസൺ, അൽഫോൺസ് പുത്രൻ, ബാബുരാജ്..  നിര നീണ്ടതാണ്. ഇവർ തന്നെയാണ് പ്രചോദനവും. നിവിൻ പോളിയോടാണ് സിനിമാ മോഹം പറഞ്ഞത്. വീട്ടുകാരുടെ പിന്തുണ ഉറപ്പിക്കാനായിരുന്നു നിവിൻ പറഞ്ഞത്. കുടുംബത്തിന്റെ പൂർണപിന്തുണ ഉണ്ടായിരുന്നു. അതാണ് ശക്തിയും. ആലുവ മണപ്പുറത്തെ പാലത്തിൽ നിരവധി ഗ്യാംങ്ങുകൾ കാണാം. സിനിമ, ഷോർട് ഫിലിം, ആൽബം, ഡോക്യുമെന്ററി തുടങ്ങിയ ചർച്ചകളിൽ മുഴുകിയവരാണ് കൂടുതലും. അതൊക്കെ എന്നേയും സ്വാധീനിച്ചിട്ടുണ്ടാകാം.

 

സൗഹൃദക്കൂട്ടായ്മ സിനിമയിൽ അനിവാര്യ ഘടമാണല്ലോ. ആരൊക്കെയുണ്ട് ഗ്യാംങ്ങിൽ

 

കുടുംബത്തിൽ തന്നെയുണ്ട്. നിവിൻ പോളിയും ടൊവിനോ തോമസും കസിൻസാണ്. ഇവർ ഒരു ഗ്യാംങ്ങിനേയും ഭാഗമല്ല. ഒരു കൊക്കൂണിൽ ഒതുങ്ങുന്നവരുമല്ല. ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ആദ്യമൊന്നും ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഒരു പരിധിക്കപ്പുറം മറച്ചു വക്കാനാകില്ല. നിവിൻ പോളി എന്റെ പിതാവിന്റെ രണ്ടാമത്തെ ചേട്ടന്റെ മകനാണ്. അമ്മയുടെ ചേട്ടന്റെ രണ്ടാമത്തെ മകനാണ് ടൊവിനോ.  

 

ഇവരോടു ചാൻസ് ചോദിക്കുമോ ‌?

 

ഇല്ല. രണ്ടു പേരും ഗോഡ്ഫാദേഴ്സ് ഇല്ലാതെ വന്നവരാണ്. സ്വപ്രയത്നം കൊണ്ട് കഷ്ടപ്പെട്ട് വളർന്നവർ. ആ രീതിയാണ് ഞാൻ പിന്തുടരുന്നതും. തുറമുഖത്തിന്റെ ഒഡീഷനിൽ പരിഗണിക്കണമെന്നു നിവിൻ പോളിയോടു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിൽ യോജിക്കുന്ന കഥാപാത്രം ഇല്ലെന്നു നിവിൻ സൂചിപ്പിച്ചു. കൽക്കിയിലും അവസരം കിട്ടിയത് ഓഡീഷൻ വഴിയാണ്. 

 

ഏതു റോളും സ്വീകരിക്കുമോ ?

 

തീർച്ചയായും. നായകവേഷം മാത്രമേ സ്വീകരിക്കൂ എന്നില്ല. ചെറിയ വേഷങ്ങളും ചെയ്യും. ക്യാരക്ടർ റോളുകളിലൂടെ കയറി വരണമെന്നാണ് ആഗ്രഹം. അതാണ് ശരിയായ വഴി. രണ്ടു സിനിമകളിൽ നായകവേഷം ചെയ്തപ്പോൾ ചില സംവിധായകർ തെറ്റിദ്ധരിച്ചു. ഇനി ഞാൻ ചെറിയ വേഷങ്ങൾ ചെയ്യില്ലെന്ന് അവർ കരുതി. ആഴത്തിലുള്ള ചെറിയ വേഷങ്ങൾ ആസ്വദിച്ചു ചെയ്യാൻ ഇഷ്ടമാണ്.