മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറുവര്‍ഷം. ആടിയും പാടിയും സാധാരണക്കാരനൊപ്പം സംവദിച്ചും മലയാളികളുടെ മനസില്‍ ചേക്കേറിയ മണിയുടെ വേര്‍പാട്, ഇന്നും മലയാള സിനിമാ–നാടന്‍പാട്ട് രംഗത്ത് നികത്താനാകാത്ത നഷ്ടം ആണ്.
വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്‍റെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു, ആനന്ദമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വച്ച ബഹുമുഖങ്ങളുള്ള കണ്ണാടി. കാളുന്നവയറുമായി മുച്ചക്രത്തില്‍ ജീവിതംതിരിച്ചു തുടങ്ങിയ മണിയുടെ സിനിമയിലേക്കുള്ള ഓട്ടം അതിവേഗത്തിലായിരുന്നു. കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് മണിയുടെ രംഗപ്രവേശം. അക്ഷരത്തില്‍ ഓട്ടോക്കാരനായി തുടങ്ങി.
പിന്നെ, മണിയുടെ കാലമായിരുന്നു. പകരംവയ്ക്കാനില്ലാത്ത ഒരുപിടി കഥാപാത്രങ്ങള്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. തെന്നിന്ത്യന്‍ സിനിമയില്‍ മണിക്ക് തുല്യം മണി മാത്രമായി. ഓട്ടപ്പാച്ചിലിനിടയിലും, താരമുഖം കൈവന്നപ്പോഴും ചാലക്കുടി വിട്ടുപോകാന്‍ മണിക്കായില്ല. മണ്ണും പുഴയും നെഞ്ചോടെന്നും ചേര്‍ത്തുവച്ചു. ഉയര്‍ച്ചയിലും താഴ്ചയിലും മണ്ണിലമര്‍ന്നുനിന്നു. പക്ഷെ, വരവുപോലെ തന്നെ തിരികെനടന്നതും പെട്ടന്നായിരുന്നു. 2016 മാര്‍ച്ച് ആറിന് അപ്രതീക്ഷിതമായി ആ മണിനാദം നിലച്ചു.അഭിനയം, സംഗീതം, സേവനം, സാന്ത്വനം.... ഓടിയെത്തി ആവോളം ചേര്‍ത്തുപിടിച്ച്, പാതി വഴിയില്‍ പെട്ടെന്നുപേക്ഷിച്ച് പോയ മണി, നമുക്കിന്നും, എന്നും നൊമ്പരം മാത്രമാണ്.