ഇരുപത്തിയഞ്ച് വർഷം മുൻപ് പാലക്കാട്ട് കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയ ചിത്രം പടയുടെ ട്രെയിലർ പുറത്തുവന്നു.വാർത്തയിൽ നിറഞ്ഞ യഥാർഥ സംഭവത്തിന്റെ പിന്നാമ്പുറം സസ്‌പെൻസ് ത്രില്ലറായാണ് തിയറ്ററിലെത്തുക.
1996 ഒക്ടോബർ 4. പാലക്കാട്ട് കലക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവം സംസ്ഥാനത്തെ ആദിവാസികളുടെ സമരചരിത്രത്തിലെതന്നെ നിര്‍ണായക സംഭവമായിരുന്നു. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭരണകൂടം മറ്റൊരിടം കാട്ടിയപ്പോൾ അന്നുവരെ സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് ഇന്ന് സിനിമയാകുന്നതും. ഏറെ ശ്രദ്ധ നേടിയ ഐ.ഡി എന്ന ചിത്രമൊരുക്കിയ കെ.എം. കമാലാണ് പടയുടെ സംവിധായകൻ.
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ പടയിൽ പ്രധാന വേഷത്തിലെത്തുന്നു. കേരളമറിയുന്ന യഥാർഥ സംഭവം സിനിമയാകുമ്പോൾ അതിന്റെ പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ കൂടിയാണ് പട അന്വേഷിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ഉണ്ണിമായ പ്രസാദ്, കനി കുസൃതി തുടങ്ങിയവരും പടയിലുണ്ട്. സമീര്‍ താഹിറാണ് ഛായാഗ്രാഹകൻ.