ഒരു ദശാബ്ദത്തിനു ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നു. ജോഷി ഒരുക്കുന്ന  പാപ്പനിലെ  സുരേഷ്ഗോപിയുടെ  എബ്രാഹം മാത്യു മാത്തൻ എന്ന നായക കഥാപാത്രത്തിന്‍റെ ഫ്ലാഷ് ബാക്ക് രംഗങ്ങളിലെ  പോലീസ് ഗെറ്റപ്പ്  ചിത്രങ്ങൾ അണിയറ പ്രവർത്തകർ ഇന്ന് ആദ്യമായി പുറത്തുവിട്ടു. 

 

ഇതുവരെ താരത്തിന്‍റെ സോൾട്ട് & പെപ്പർ ലുക്കിലുള്ള ചിത്രങ്ങൾ മാത്രമേ പാപ്പന്‍റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിന്നുള്ളൂ. 2012 ൽ പുറത്തിറങ്ങിയ ദി കിങ്ങ് & ദി കമ്മീഷണറിലാണ്  പ്രേക്ഷകർ സുരേഷ് ഗോപിയെ പോലീസ് യൂണിഫോമിൽ അവസാനമായി കണ്ടത്. നൈലാ ഉഷയാണ് ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ  സുരേഷ് ഗോപിയുടെ നായികയായി എത്തുന്നത്.  കോട്ടയം ജില്ലയിലെ മലയോര മേഖലകളായ ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, തീക്കോയി എന്നിവിടങ്ങളിലെ മനോഹാരിത പശ്ചാത്തലമാക്കിയാണ്  ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ  സംവിധായകൻ ജോഷി ചിത്രീകരിച്ചത്. 

 

വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ലേലം, പത്രം എന്നീ ബംമ്പർ ഹിറ്റുകൾ സമ്മാനിച്ച സുരേഷ് ഗോപി- ജോഷി കൂട്ട്കെട്ടിൽ, സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്. ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.  ആദ്യമായാണ് സുരേഷ് ​ഗോപിയും ​മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന  പ്രത്യേകതയുമുണ്ട്.

 

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - സുജിത് ജെ നായർ, ഷാജി.

ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്. ചിത്രീകരണം പൂർത്തിയായ പാപ്പന്‍റെ  പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏപ്രിൽ അവസാന വാരം ഡ്രീം ബിഗ് ഫിലിംസ് പാപ്പൻ തീയ്യറ്ററുകളിൽ എത്തിക്കും