കുടുംബത്തിലെ അമ്പതിലേറെ അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രം പൊളിറ്റിക്കൽ കറക്ട്നെസ് യൂട്യൂബിൽ റിലീസ് ചെയ്തു. മെഡിമിക്സ് ഗ്രൂപ്പ് ഉടമ എ.വി.അനൂപിന്റെ കുടുംബാംഗങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണമാണ് അണിയറ പ്രവർത്തകർക്ക് ലഭിച്ചത്. പ്രമുഖ വ്യവസായിയും മെഡിമിക്സ് ഗ്രൂപ്പ് ഉടമയുമായ എ.വി.അനൂപിന്റെ കുടുംബത്തിലെ പുതു തലമുറ മുതൽ എൺപത്തിയെട്ട് വയസായവർ വരെ ചിത്രത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന പുഷ്പ വിലാസം കുടുംബത്തിലെ അംഗങ്ങളാണ് ഷോർട്ട് ഫിലിമിനായി ഒത്തു ചേർന്നത്.
സംവിധാനവും അഭിനയവും ഗാനരചനയുമെല്ലാം ചെയ്തത് കുടുംബാംഗങ്ങൾ തന്നെ. ഇരുപത്തിയെട്ട് മിനിറ്റ് ദൈർഘ്യമുള്ളതാണ് ചിത്രം. എ.വി.എ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. അനൂപ് തന്നെയാണ് നിർമാതാവ്. ഈ കുടുംബത്തിലെ അംഗം കൂടിയായ സാന്ദീപാണ് സംവിധാനം. ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ആർ.എൽ.സരിതയുൾപ്പെടെ ചിത്രത്തിന്റെ ഭാഗമാണ്. മനു ഗോപാലാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം ഷിജി ജയദേവനും.