കെപിഎസി ലളിത അവസാനമായി അഭിനയിച്ച തമിഴ് സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നല്ലോല്ലോ എന്ന സങ്കടം വാക്കുകളിൽ പകർത്തിവച്ചുകൊണ്ടാണ് താരം ആരാധകർക്കായി വിഡിയോ സമർപ്പിച്ചത്. സെറ്റിൽ ബാലാജിക്കൊപ്പം കൈ പിടിച്ചു ഡാൻസ് ചെയ്യുന്ന കെപിഎസി ലളിതയെ വിഡിയോയിൽ കാണാം.  

ബാലാജിയുടെ വാക്കുകൾ: "ഇന്ത്യയിലെ അതിഗംഭീര അഭിനേതാക്കളിൽ ഒരാൾ ഇനിയില്ല. നിങ്ങളെ നേരിൽ അറിയാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞത് അനുഗ്രഹമായും ആദരമായും കാണുന്നു. അതു നിങ്ങളുടെ അവസാനത്തെ തമിഴ് പടം ആയിരിക്കുമെന്ന് അറിഞ്ഞില്ല! എല്ലായ്പ്പോഴും കരുണയും കരുതലും എന്തും പങ്കുവയ്ക്കാനുള്ള മനസും നിങ്ങൾക്കുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ ഓർമകളിൽ സൂക്ഷിച്ചു വയ്ക്കും."

ബോളിവുഡ് ചിത്രം 'ബദായി ഹോ'യുടെ തമിഴ് പതിപ്പാണ് ആർ.ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്നത്. ഉർവശി, സത്യരാജ്, കൽപന രവികുമാർ, കോട്ടയം പ്രദീപ് എന്നിവർക്കൊപ്പം കെപിഎസി ലളിതയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെറ്റിൽ ഇവർ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ നടൻ കൽപന രവികുമാർ പങ്കുവച്ചിരുന്നു. അടുത്തിടെ അന്തരിച്ച കോട്ടയം പ്രദീപിനൊപ്പം കെപിഎസി ലളിതയുടെയും അവസാന തമിഴ് സിനിമ ആവുകയാണ് റിലീസ് ചെയ്യാനിരിക്കുന്ന ഈ ആർജെ ബാലാജി ചിത്രം.