മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ ടീസർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. ത്രില്ലടിപ്പിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്ററിന് ശേഷം ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന തരത്തിലാണ് ടീസറും. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ്.ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ നിർമാണകമ്പനിയായ വേ ഫെറർ ഫിലിംസാണ് സഹനിർമ്മാണവും വിതരണവും ചെയ്യുന്നത്. ദുൽഖറിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയത്. മമ്മൂട്ടി നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. വൈറസിന് ശേഷം ഷര്‍ഫു - സുഹാസ് കൂട്ടുകെട്ടിനൊപ്പമാണ് ഹര്‍ഷദ് തിരക്കഥ രചിച്ചിരിക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. തേനി ഈശ്വറാണ് ഛായാഗ്രഹണം. സിനിമയുടെ കലാസംവിധാനം ചെയ്തിരിക്കുന്നത് ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായ മനു ജഗദ് ആണ്. ജേക്സ് ബിജോയുടേതാണ് സംഗീതം. റെനിഷ് അബ്‍ദുൾഖാദർ, രാജേഷ് കൃഷ്‍ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. എൻ എം ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. വസ്‍ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും എസ് ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ. എറണാകുളത്തും, കുട്ടിക്കാനത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം.