പുഷ്പയെന്നാൽ ഫ്ലവർ അല്ലായിരിക്കും. പക്ഷെ മലയാളികൾക്ക് അല്ലു അർജുൻ എന്നാൽ ജിസ് ജോയ് ആണ്. തിയറ്ററുകളിൽ താരത്തിന്റെ പഞ്ച് ഡയലോഗുകൾ മുഴങ്ങുമ്പോൾ, ആ ശബ്ദത്തിനു പിന്നിൽ ജിസിന്റെ ഇമ്പമാർന്ന സ്വരമാണ്. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ ആരാധകരെ സ്വന്തമാക്കിയ ഡബ്ബിങ് ആർട്ടിസ്റ്റെന്ന വിശേഷണം ജിസ് ജോയ്ക്കു സ്വന്തം. പുഷ്പ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആവേശത്തോടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ജിസ് ജോയ്. (വിഡിയോ കാണാം)
അല്ലു അർജുൻ എന്തു പറഞ്ഞു പുഷ്പയുടെ ശബ്ദം കേട്ടിട്ട് ?
സത്യം പറഞ്ഞാൽ ബന്ധപ്പെടാൻ പറ്റിയിട്ടില്ല. ചിത്രത്തിന്റെ പ്രമോഷനു വിളിച്ചിരുന്നു. എന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാൽ പങ്കെടുക്കാനായില്ല. അല്ലുവിന്റെ മാനേജരുമായി സംസാരിച്ചു. നന്നായിട്ടുണ്ടെന്നു പറഞ്ഞു.
ഇതിനു മുൻപുള്ള ചിത്രങ്ങളിലെ ശബ്ദം കേട്ടിട്ട് അല്ലു എന്തു പറഞ്ഞു ?
ആദ്യത്തെ പത്തു സിനിമകൾക്കു ശേഷം പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം എന്നെക്കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളിൽ ഡബ് ചെയ്യുന്നവരിൽ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.
അല്ലു അർജുന്റെ സ്വരം തനിക്കു ചേരുമെന്നു തോന്നിയ നിമിഷം ?
അതിന്റെ മുഴുവൻ ക്രെഡിറ്റും ഖാദർ ഹസൻ എന്ന നിർമാതാവിനാണ്. അല്ലുവിനെ മലയാളത്തിനു പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാൻസുകാരെ സംഘടിപ്പിച്ചും ഖാദർ ഹസൻ നിരന്തരം അധ്വാനിച്ചു. എന്റെ ശബ്ദം അല്ലുവുമായി ചേരുമെന്നു കണ്ടു പിടിച്ചത് അദ്ദേഹമാണ്. കായംകുളം കൊച്ചുണ്ണിയിൽ മണിക്കുട്ടനു വേണ്ടി ആയിരം എപ്പിസോഡുകൾ ഡബ് ചെയ്തു. അതു കേട്ടിട്ടാണ് ഖാദർ ഹസൻ എന്നെ വിളിക്കുന്നത്.
ഡബ്ബിങ്ങിനിടെ സ്വന്തം കയ്യിൽ നിന്നും ഡയലോഗ് എടുത്തിടാറുണ്ടോ ?
നിരവധി തവണ. ഏകദേശം ഒരു ഐഡിയ മാത്രമേ കയ്യിൽ കിട്ടാറുള്ളൂ. അതിനെ എത്രത്തോളം പൊലിപ്പിക്കാൻ പറ്റുമോ എന്നാണ് നോക്കുക. പഞ്ച് ഡയലോഗുകളിൽ കൈ വയ്ക്കാറില്ല.
പുഷ്പയിലെ പഞ്ച് ഡയലോഗുകളെക്കുറിച്ച്
പുഷ്പ എന്നു പറയുന്നത് നമ്മുടെ രാജാവിന്റെ മകൻ പോലെയാണ്. സംഘട്ടനം, പാട്ട്, നൃത്തം... അല്ലു അർജുൻ ചിത്രത്തിനു വേണ്ട ചേരുവകളെല്ലാം ഉണ്ട്. തന്റേതായ സിംഹാസനത്തിലേക്ക് അല്ലു സഞ്ചരിക്കുന്നതു പോലെയാണ് പുഷ്പ കണ്ടപ്പോൾ എനിക്കു തോന്നിയത്.
ചോക്ലേറ്റ് ലുക്കിൽ നിന്നും അല്ലു മാറിയല്ലോ ?
അതുതന്നെയാണ് പുതുമ. സാധാരണ അല്ലു ചിത്രങ്ങളെപ്പോലെ വൺ മാൻ ഷോ അല്ല പുഷ്പ. കൊണ്ടും കൊടുത്തുമാണ് പുഷ്പരാജ് വളരുന്നത്.
ഫഹദിനെക്കുറിച്ച് ?
ഫഹദിന്റെ റോൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കുംബ്ലങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ചില ഷെയ്ഡ്സുള്ള കഥാപാത്രമാണ് പുഷ്പയിൽ. പലപ്പോഴും പുഷ്പരാജിനെ ഓവർടേക്ക് ചെയ്യുന്ന ഐപിഎസ് ഓഫിസർ. ആ വിട്ടുവീഴ്ചയിലൂടെ ഇരുത്തം വന്ന നടൻ കൂടിയായി അല്ലു മാറുന്നു.
ഡബ്ബിങ്ങിനുള്ള തയ്യാറെടുപ്പ് ?
പരിശീലനമൊന്നുമില്ല. ഉച്ചയ്ക്കു 12.30 മുതൽ 4 മണി വരെ ഡബ് ചെയ്യില്ല. ആ സമയത്ത് എന്റെ ശബ്ദം നല്ലതാകില്ലെന്ന തോന്നൽ. ഏറെ ഊർജവും ഏകാഗ്രതയും ആവശ്യമുള്ള പണിയാണിത്. അന്യഭാഷ മൊഴിമാറ്റം ചെയ്യുമ്പോൾ പ്രത്യേകിച്ചും. നല്ല ക്ഷമ വേണ്ട മേഖലയാണിത്. അല്ലുവിന് ആദ്യമായി ശബ്ദം നൽകുന്നത് ആര്യ സിനിമയിലാണ്. ആ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടക്കുന്നതിനിടെ പകുതി വച്ച് ഞാൻ നിർത്തി. ഈ പണി എനിക്കു പറ്റിയതല്ലെന്ന് തോന്നി ഞാൻ ഇറങ്ങിപ്പോയി. 25 ഉം 35 ഉം തവണ ടേക്ക് എടുക്കുമ്പോഴായിരിക്കും ഒ.കെ ആകുന്നത്. പിന്നീട് വീണ്ടും ശ്രമിക്കുകയായിരുന്നു.