TAGS

ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളിയുടെ സെൻസർ പതിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സെന്‍സർ ബോർഡ് രംഗത്ത്. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ എത്തിയതെന്നു വിശദീകരിച്ചാണ് ബോർഡ് രംഗത്ത് എത്തുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫിസര്‍ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 

 

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനി ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും ബോർഡ് വിശദീകരിക്കുന്നു.

 

സിനിമ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സിനിമയിലെ തെറി ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും എന്നാൽ യുവജനതയെ വഴിതെറ്റിക്കുന്നുവെന്നും വിമർശനം ഉയർന്നിരുന്നു.