'ഇവനാണ് നുമ്മ പറഞ്ഞ നടൻ, സിൽമാ നടൻ' എന്നായിരുന്നു ആളുകൾ എന്നെ അൽപം കളിയാക്കി പറഞ്ഞു കൊണ്ടിരുന്നത്. 'തിങ്കളാഴ്ച നിശ്ചയം' കഴിഞ്ഞതോടെ അത് സിനിമാ നടൻ എന്നായി മാറി. കഥാപാത്രത്തിന്റെ പേര് തന്നെ പ്രായമുള്ളവർ വരെ വിളിച്ച് കേൾക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ചിത്രത്തിൽ 'കുവൈത്ത് വിജയ'ന്റെ മരുമകനായ സന്തോഷെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനിൽ സൂര്യ പറയുന്നു.
ഏഴാം ക്ലാസ് മുതലാണ് സിനിമാ നടനാകണമെന്ന മോഹം മനസിൽ കയറിയത്. വലുതായപ്പോഴും അത് തുടർന്നു. എല്ലാത്തിലും ഞാൻ സിനിമ കാണാൻ തുടങ്ങി. എന്ത് സംസാരിച്ചാലും സിനിമയിലെത്താൻ തുടങ്ങി. കല്യാണത്തിന് പച്ചക്കറി മുറിക്കുമ്പോൾ വരെ ഞാൻ സിനിമ പറയാൻ തുടങ്ങി. ആളുകൾക്ക് എന്നെ ബോറടിച്ചു തുടങ്ങി. സത്യത്തിൽ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. പ്രത്യേകിച്ച് കഴിവുണ്ടായിരുന്നില്ല. അത് തിരിച്ചറിഞ്ഞതോടെ എന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടു. ആരെങ്കിലും അവസരം തന്നാൽ എന്തു ചെയ്യുമെന്നായി ചിന്ത. അങ്ങനെ കഠിന പരിശ്രമം തുടങ്ങി.
തീവ്രമായ ആഗ്രഹം കൊണ്ട് സിനിമാ നടനായ ആളാണ് ഞാൻ. ഒരു മിന്നായം പോലെ വന്ന് പോയ വേഷത്തിൽ നിന്ന് തിങ്കളാഴ്ച നിശ്ചയം വരെ എത്തി. 'എടേ ഇതൊക്കെ നടക്കുവോ?' എന്ന് ചോദിച്ചവരുണ്ട്. അതൊക്കെ രസകരമായാണ് ഞാനെടുക്കുന്നത്. റിയൽ ലൈഫിൽ ഞാനൊരു സന്തോഷല്ല. പക്ഷേ സിനിമയുടെ കാര്യത്തിൽ ആണ്. ചിലപ്പോഴൊക്കെ കൂട്ടുകാര് എന്താ പണി എന്ന് ചോദിക്കുമ്പോ തമാശയായി പറയും ' ഓഡിഷന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്നൊരു പുസ്തകം എഴുതാൻ പോവുകയാണെന്ന് പറയാറുണ്ടായിരുന്നു. ഈ പത്ത് വർഷത്തിനിടെ അത്രമാത്രം ഓഡിഷന് ഞാൻ പോയിട്ടുണ്ട്. വിഡിയോ കാണാം.