justice-chandru

TAGS

ദലിത് രാഷ്ട്രീയ പ്രമേയങ്ങളെ അതിന്റെ എല്ലാ കയ്യടക്കത്തോടും കൂടി ചിത്രീകരിക്കുന്ന സിനിമകളാണ് തമിഴിൽ നിന്ന് പുറത്തുവന്നിതിലേറെയും. ആ ശ്രേണിയിലേക്കാണ് പുതിയതായി ജയ് ഭീം കൂടി എത്തുന്നത്. യഥാർഥ സംഭവങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രത്തിലെ സൂര്യയുടെ നായക കഥാപാത്രമായ അഡ്വ. ചന്ദ്രു വിരമിച്ച ജസ്റ്റിസ് കെ.ചന്ദ്രുവാണ്. ജയ് ഭീമിനെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും മനോരമ ന്യൂസ് ഡോഡ്കോമിനോട് അദ്ദേഹം സംസാരിച്ചു. 

1995ൽ നടന്ന യഥാർഥ സംഭവങ്ങളോട് ചിത്രത്തിന് നീതി പുലർത്താനായോ?

തീർച്ചയായും. ജയ്ഭീം കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. സംവിധായകൻ യഥാർഥ കഥയോട് വളരെയധികം നീതി പുലർത്തി. കോടതി സംഭവങ്ങളും, ഇരുളർ വിഭാ​ഗത്തിന്റെ ജീവിതം അതേപടി സിനിമയിലേക്ക് പകർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന മിക്ക സംഭവങ്ങളും ഞാൻ കേസ് നടത്തുന്ന സമയത്ത് നടന്നതാണ്.

ഇക്കാലത്ത്  നിയമവ്യവസ്ഥയിൽ ചിലർക്കെങ്കിലും പ്രതീക്ഷ നഷ്ടപ്പെടുന്നു. എന്നാൽ ഈ ചിത്രം തെറ്റായതോ അമിതപ്രതീക്ഷയോ ജനങ്ങൾക്ക് നൽകുന്നതായി തോന്നുന്നുവോ?

ഒരിക്കലും ഇല്ല. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഒരു മിഥ്യാധാരണയും സിനിമ സൃഷ്ടിക്കുന്നില്ല. മറുവശത്ത്, ഇത് വ്യവസ്ഥിതിയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ആദിവാസികളുടെ വലിയ പ്രശ്നം പരിഹരിക്കുന്നതിൽ അതിന്റെ പരിമിതികൾ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സിനിമയിലെ നായകൻ കേസ് ജയിച്ചതിന് ശേഷം ആദിവാസി സ്ത്രീയോട് (സെൻഗിണി, മനോഹരമായി 

ലിജോമോൾ ജോസ് അഭിനയിച്ച കഥാപാത്രം) പറയുന്നത്, അത് അവളുടെ ഭർത്താവിന്റെ മരണത്തെക്കുറിച്ചല്ല, പക്ഷേ വിധി അത്തരം പല ഭീകരതകളെയും ഭാവിയിൽ തടയാൻ വേണ്ടി കൂടിയാണെന്ന്.

മറ്റൊരു തരത്തിൽ കലാപകാരിയായ വിദ്യാർഥിയിൽ നിന്ന് സജീവമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനിലേക്കുള്ള എന്റെ സ്വന്തം മാറ്റത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. നിങ്ങൾ ചോദിച്ചത് പോലെ നിയമവ്യവസ്ഥയുടെ ഫലപ്രാപ്തിയെക്കുറിച്ച് എനിക്ക് തന്നെ സംശയമുണ്ടായിരുന്നു. അക്കാലത്താണ് ദേശീയ അടിയന്തരാവസ്ഥ. ആ സമയത്ത്  നിയമ പഠനം പൂർത്തിയാകുകയും. സ്വാതന്ത്യം വെട്ടികുറയ്ക്കപ്പെടുകയും ചെയ്യുന്നത്. അങ്ങനെയാണ് കലാപകാരിയായ എന്നെ ഞാൻ നിയമത്തിന്റെ വഴിയെ തിരിച്ചുവിട്ടത്. ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ട സാധാരണക്കാർക്ക് ആശ്വാസം ലഭിക്കാൻ നിയമത്തെ ആയുധമാക്കണമെന്ന് അതോടെ തീരുമാനിച്ചു.

നിയമവ്യവസ്ഥയിൽ രാഷ്ട്രീയ സ്വാധീനം കൂടുന്നുണ്ടോ? 

പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന പദത്തിന് തെറ്റായ വ്യാഖ്യാനം നൽകി മോശം പദമായി മാറിയിരിക്കുന്നു. ഒരു ജുഡീഷ്യറി ഭരണഘടന അനുശാസിക്കുന്ന ആദർശങ്ങളോട് പ്രതിജ്ഞാബദ്ധമായിരിക്കണം. കൂടാതെ സർക്കാരിന്റെ രാഷ്ട്രീയം പരിഗണിക്കാതെ ഏത് സമയത്തും അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. പക്ഷേ, കേന്ദ്രത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം ആവശ്യത്തിനായി നിയമവ്യവസ്ഥതയെ ഉപയോ​ഗിക്കുന്നുവെന്നത് വസ്തുതയാണ്.

രാഷ്ട്രീയ വിശ്വാസം ഉള്ളത് ജഡ്ജി ആകാനുള്ള അയോഗ്യതയല്ല. മറുവശത്ത്, ഞാൻ ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രവും ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ ഞാൻ കാണിച്ച ആക്ടിവിസവും ഞാൻ നേടിയ അനുഭവങ്ങളും ഒരു വലിയ അർത്ഥത്തിൽ ശരിയായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ എന്നെ വളരെയധികം സഹായിച്ചു. ഏതായാലും, ഭരണഘടനയുടെ ഷെഡ്യൂൾ III പ്രകാരം ജുഡീഷ്യറിയിൽ പ്രവേശിക്കുന്ന സമയത്ത് ഒരാൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ഭയമോ പ്രീതിയോ വാത്സല്യമോ വിരോധമോ കൂടാതെ താൻ ഭരണഘടനയെ അനുസരിക്കുമെന്ന് അദ്ദേഹം പറയണം. ഓഫിസിൽ കയറുന്ന ഏതൊരാൾക്കും അതായിരിക്കണം കാവൽ വാക്ക്, താൻ എടുത്ത പ്രതിജ്ഞ മനസ്സിൽ സൂക്ഷിച്ചാൽ, അയാൾക്ക് പക്ഷപാതപരമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ പ്രത്യയശാസ്ത്രം എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെങ്കിലും, അത് ഒരിക്കലും എന്റെ മുന്നിലുള്ള കേസുകളുടെ ഫലം നിർണ്ണയിച്ചില്ല.

സ്വാതന്ത്യം നേടി ഇത്രയും നാളായിട്ടും ദലിതർ നേരിടുന്ന പ്രശ്ങ്ങൾക്ക് എന്തുകൊണ്ട് പരിഹാരമാകുന്നില്ല?

ഭരണഘടനയുടെ അന്തിമ കരട് ഭരണഘടനാ അസംബ്ലി പാസാക്കിയ ദിവസം (26.11.1949), ഡോ. അംബേദ്കർ തന്റെ സംഗ്രഹ പ്രസംഗത്തിൽ പറഞ്ഞു: “നാം ചെയ്യേണ്ടത് കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നേടാനല്ല; നമ്മുടെ രാഷ്ട്രീയ ജനാധിപത്യവും ഒരു സാമൂഹിക ജനാധിപത്യമാക്കണം." ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്‌തത് നമുക്ക് ഇതുവരെ നേടാനായിട്ടില്ല. എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ തുല്യരായി പരിഗണിക്കാതെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്ത് നിർത്തുന്നതാണ് ഇപ്പോഴും രീതി. ഫലത്തിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പരാജയപ്പെടുത്തുകയാണ് ചെയ്തത്.

ലോക്കപ്പ് മർദനം, പൊലീസുകാർ പ്രതികളാകുന്ന കേസുകൾ ഇവയുടെ ശിക്ഷാ റേറ്റ് വളരെ കുറവല്ലേ?

ഒരു ക്രിമിനൽ കുറ്റത്തിലെ ശിക്ഷ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇരകൾക്കിടയിലുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം, പോലീസിന്റെ സമഗ്രമായ അന്വേഷണവും കോടതികളുടെ കൃത്യമായ ഇടപെടൽ. ഈ ലിങ്കിൽ ആരെങ്കിലും പരാജയപ്പെട്ടാൽ, കുറ്റവാളികളെ കുറ്റവിമുക്തരാക്കുന്നതായിരിക്കും ഫലം. ഒരു തരത്തിൽ പറഞ്ഞാൽ, എസ്‌സി/എസ്ടി ആളുകൾക്ക് മാത്രമല്ല, സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റ് അവശ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുന്നതിൽ നീതി വിതരണ സംവിധാനം പരാജയപ്പെട്ടു. എസ്‌സി/എസ്‌ടി നിയമത്തിലെ സമീപകാല ഭേദഗതികൾ പാളം തെറ്റിയെങ്കിലും സമാനമായ വ്യവസ്ഥകൾ പുനഃസംയോജിപ്പിച്ചുകൊണ്ട് പാർലമെന്റ് ഭേദഗതി സാധുവായ നിയമമായി അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.  ഇത് ശിക്ഷാ നിരക്ക് വർധിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണണം.

സിനിമയിലുള്ള പോലെ ഇടതുപാർട്ടികൾക്ക് ഇന്ന് സ്വാധീനം ചെലുത്താനാവുന്നില്ല എന്ന് തോന്നുന്നുണ്ടോ?

സിനിമയുടെ അടിസ്ഥാനമായ കേസിൽ ഇടതുപാർട്ടികളുടെ പങ്കിനെക്കുറിച്ചാണ് താങ്കളുടെ ചോദ്യമെങ്കിൽ നിങ്ങൾക്ക് തെറ്റി.  

പ്രമുഖ നേതാക്കളുടെ നിരയിൽ നിന്ന് അംബേദ്കർ എങ്ങനെ അപ്രത്യക്ഷനാകുന്നു?

ചരിത്രം എപ്പോഴും എഴുതുന്നത് ഭരണവർ​ഗമോ മറ്റെന്തെങ്കിലും അധികാരം കൈവശം ഉള്ളവരോ ആണ്. ആ ചരിത്രത്തിൽ പലപ്പോഴും ഉപനായകന്മാർ വിസ്മരിക്കപ്പെടും. കേരളത്തിൽ നിന്നോ ആന്ധ്രയിൽ നിന്നോ സ്വാതന്ത്ര്യ സമര നായകന്മാരെ കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യസമരം ചരിത്രപുസ്തകങ്ങളിൽ എഴുതിച്ചേർത്തപ്പോൾ, മുഖ്യപാർട്ടിയെ അതായത് കോൺഗ്രസിനെ നയിക്കുന്നതിൽ മുൻനിരയിലുള്ള ഏതാനും നേതാക്കളെ മാത്രമാണ് അത് ഉയർത്തിക്കാട്ടിയത്. തുല്യ മനോഭാവവും കരുത്തുറ്റ നേതൃത്വവുമുള്ള മറ്റ് നേതൃത്വങ്ങളുടെ പങ്ക് പൂർണ്ണമായും അവഗണിക്കപ്പെട്ടു.  എന്നിരുന്നാലും, അംബേദ്കറെപ്പോലുള്ള നേതാക്കളുടെ ആശയങ്ങളുടെ തിരിച്ചുവരവ് അകലെയല്ല.

ഒരു പ്രമുഖ നടൻ അംബേദ്കർ ഐഡിയോളജി പറയുമ്പോൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം എങ്ങനെ?

ചില വിവരങ്ങൾ മാത്രമേ സിനിമകൾക്ക് ജനങ്ങളെ അറിയിക്കാൻ കഴിയൂ. സിനിമയ്ക്ക് സമൂഹത്തെ മാറ്റാൻ കഴിയില്ല. ഒരു വലിയ ബാനർ സിനിമയിൽ ഒരു പ്രമുഖ നടൻ അംബേദ്കറിസ്റ്റിന്റെ വേഷം ചെയ്യുന്നത് തീർച്ചയായും അംബേദ്കറുടെ ആദർശങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുകയും സമൂഹത്തിൽ കൂടുതൽ സമത്വ ആശയങ്ങളിലേക്കും എല്ലാവരെയും ഉൾക്കൊള്ളുന്നതിലേക്കും നയിച്ചേക്കാം.