bhagavatham

ആയിരത്തി ഇരുന്നൂറ് എപ്പിസോഡിന്റെ പരമ്പരയായി ശ്രീമദ് ഭാഗവതം ദൃശ്യവൽക്കരിക്കുന്നു. വേദ ഇന്റർനാഷണൽ മീഡിയ ഹബ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഇതിഹാസ പരമ്പരയുടെ ക്യാമറയും സംവിധാനവും മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ അനിൽ ഈശ്വർ ആണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു.

കോവിഡ് കാലത്ത് ദൃശ്യമാധ്യമമേഖലയിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ് ഭാഗവതം. രാജ്യത്തെ വിവിധ ഭാഷകളിലെ പ്രശസ്ത ഗായകർ, സംഗീത സംവിധായകർ, ഗാന രചയിതാക്കൾ, തിരക്കഥാകൃത്തുക്കൾ സാങ്കേതിക പ്രവർത്തകർ എന്നിവരെല്ലാം അണിനിരക്കുന്ന ഭാഗവതത്തിൽ ആയിരത്തിമുന്നൂറോളം കഥാപാത്രങ്ങളുണ്ടാകും.

രാജ്യത്തെ ഇതരഭാഷകളിലും മൊഴിമാറ്റപ്പെടും. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, അറബിക്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്താൻ ആണ് ആലോചന. മലയാളത്തിൽ ഇതിഹാസ പരമ്പരയുടെ ശീർഷക ഗാനം രചിച്ചിരിക്കുന്നത് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.എസ് രാധാകൃഷ്ണനുമാണ്. ഗായകൻ പി. ജയചന്ദ്രൻ. രണ്ടുവർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ഈ ഇതിഹാസ പരമ്പര ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. ടെലിവിഷൻ ചാനലുകളോടൊപ്പം OTTയിലും ചിത്രം പ്രേക്ഷകരിലെത്തും.