മലയാള സിനിമാലോകം ‘കുറുപ്പി’നായുള്ള കാത്തിരിപ്പിലാണ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് വീണ്ടും കേരളക്കരയിൽ ചർച്ചയാകുന്നു. സിനിമയുടെ പാട്ടും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ ആകാംക്ഷ ഏറുകയാണ്. കുറുപ്പിനാൽ മരണപ്പെട്ട ചാക്കോയുടെ കുടുംബം ഈ ചിത്രം കണ്ടുകഴിഞ്ഞു. സിനിമ കണ്ടെന്നും തെറ്റിദ്ധാരണകളും മുന്‍വിധികളും ഒഴിഞ്ഞെന്നും വ്യക്തമാക്കുകയാണ് ചാക്കോയുടെ മകൻ ജിതിൻ മനോരമ ന്യൂസ് ഡോട് കോമിനോട്.

‘സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ മുതല്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആകാംക്ഷയായിരുന്നു. സിനിമയുടെ സംവിധായകൻ ശ്രീനാഥ് ആദ്യം ഞങ്ങളെ വിളിച്ചു. കുറുപ്പിനെ ചിത്രീകരിക്കുന്ന രീതികളെല്ലാം പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ സിനിമയിൽ എങ്ങനെയാണ് കാണിക്കുന്നതെന്നും പറഞ്ഞു. പടം മുഴുവൻ തീർത്തിട്ട് ഞങ്ങളെ കാണിക്കുമെന്ന് ഉറപ്പും നൽകി. പിന്നീട് വിളിച്ചിട്ട് സിനിമയുടെ ഔട്‍ലൈൻ കാണിച്ച് തന്നു. അപ്പോൾ ഏകദേശം കാര്യങ്ങൾ വ്യക്തമായി. കുഴപ്പങ്ങള്‍ തോന്നിയില്ല. ഇപ്പോൾ സിനിമയുടെ മുഴുവൻ വർക്കുകളും കഴിഞ്ഞ് വീണ്ടും കാണിച്ച് തന്നിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഈ സിനിമ കണ്ടപ്പോഴാണ് യഥാർഥ സംഭവങ്ങൾ ഞാൻ തന്നെ മനസ്സിലാക്കുന്നത്.

അമ്മ എന്നെ 6 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് ഞാൻ വളർന്നപ്പോഴൊന്നും വീട്ടിലാരും ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. അമ്മയോട് ഞാൻ ഒന്നും ചോദിക്കാറുമില്ല. പത്രവാർത്തകളിലൂടെയാണ് കുറച്ചെങ്കിലും അറിഞ്ഞത്. ഈ സിനിമ കണ്ടപ്പോഴാണ് അതൊന്നുമല്ല, അതിനപ്പുറമാണ് യാഥാർഥ്യം എന്ന് മനസ്സിലായത്. ജനങ്ങൾ അതറിയണം, ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. ഞെട്ടിക്കുന്ന കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു'. സിനിമ കണ്ട് ജിതിന്റെ അഭിപ്രായം ഇങ്ങനെ.

'ദുൽഖർ സൽമാനെ ഏറെ ആരാധനയോടെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. എല്ലാർക്കും ഇഷ്ടമാണ്. അദ്ദേഹം ഈ വേഷം ചെയ്യുന്നെന്ന് ആദ്യം കേട്ടപ്പോൾ ശരിക്കും സങ്കടമായി. സിനിമ കണ്ടപ്പോൾ അതെല്ലാം മാറി. വളരെ നീതിപൂർവം അദ്ദേഹം ആ വേഷം ചെയ്തു. അമ്മ സിനിമ കണ്ടിട്ടില്ല...’ ജിതിൻ പറയുന്നു.