unnimaya-02

നാട്ടിമ്പുറത്തെ വിവാഹ നിശ്ചയ വീട്ടിലേക്ക് ക്യാമറ തിരിച്ച് വച്ചാൽ എങ്ങനെയിരിക്കും. അതാണ് സെന്ന ഹെഗ്ഡ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'മെന്ന മനോഹരമായ സിനിമ. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ആളുകൾ നിറഞ്ഞ മനസോടെ സ്വീകരിച്ചത് കണ്ടും പ്രതികരണങ്ങൾ വായിച്ചും ത്രില്ലടിച്ചിരിക്കുകയാണ് 'സുരഭി'യായെത്തിയ ഉണ്ണിമായ നാലപ്പാടം. സിനിമ റിലീസായതോടെ വേറെ ലോകത്താണ് താനെന്നും കാല് നിലത്ത് കുത്തിയിട്ടില്ലെന്നും സന്തോഷത്തോടെ ഉണ്ണിമായ പറയുന്നു. 

അപ്രതീക്ഷിതം, മുഴുനീള കഥാപാത്രമെന്ന് അറിഞ്ഞത് സ്ക്രീനില്‍ കണ്ടപ്പോൾ

അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. 'തിങ്കളാഴ്ച നിശ്ചയം' ഇങ്ങനെ ആളുകൾ സ്വീകരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഒന്നാമതേ, പറയത്തക്ക മുൻനിര താരങ്ങളൊന്നുമില്ല. നാട്ടിമ്പുറത്തുണ്ടാകുന്ന ഒരു കുഞ്ഞു സിനിമ. കാഞ്ഞങ്ങാടിന്റെ സിനിമ. അത്രമാത്രമായിരുന്നു പൂർത്തിയാകുന്നത് വരെ മനസിലുണ്ടായിരുന്നത്. പിന്നെ ആദ്യമായി അഭിനയിക്കുന്ന സിനിമ ആയത് കൊണ്ട് തന്നെ ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. സുരഭി മുഴുനീള കഥാപാത്രമാണെന്ന് അറിഞ്ഞത് ഐഎഫ്എഫ്കെയിൽ സിനിമ കാണുമ്പോഴാണ്. വലിയ സ്ക്രീനിൽ ഇങ്ങനെ കണ്ടപ്പോൾ കുളിര് കോരിയെന്ന് പറഞ്ഞാൽ ഒട്ടും കൂടുതലാവില്ല. അത്ര സന്തോഷം തോന്നി. ഓരോ തമാശയ്ക്കും ആളുകൾ ചിരിക്കുന്നു. സിനിമ കഴിയമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. അതൊക്കെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവുമാണ്. 

'പുഞ്ചക്കണ്ടം മൂലക്കണ്ടം പൊര പൊര മത്തായിനി'

കാഞ്ഞങ്ങാട്ടെ ഭാഷ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കാഞ്ഞങ്ങാട്ടുകാരിയാണെങ്കിലും പുറത്തൊക്കെ പോയി പഠിച്ചതോടെ ഭാഷ കുറച്ച് മിനുസപ്പെട്ട് മാറി. വീട്ടിലെപ്പോലെ എല്ലാവരും കൂടി ഇരുന്നപ്പോൾ സിനിമാ ഷൂട്ടിങാണെന്ന് പോലും ആർക്കും തോന്നിയില്ല. സുനിൽ സൂര്യയെയും(സന്തോഷേട്ടൻ) മനോജേട്ടനെയും എനിക്ക് നേരത്തേ അറിയാം. മനോജേട്ടൻ (അച്ഛൻ) എന്നെ നാടകം പഠിപ്പിച്ചിട്ടുണ്ട്. ബാക്കി എല്ലാവരെയും ഷൂട്ടിങ് സമയത്താണ് ആദ്യമായി കാണുന്നത്. പക്ഷേ കൂട്ടത്തിൽ കൂടിയതോടെ 'പുഞ്ചക്കണ്ടം മൂലക്കണ്ടം പൊര പൊര മത്തായിനി'. 

'കാഞ്ഞങ്ങാട്ടു'കാർ പറഞ്ഞാലും മനസിലാകും

ആളുകളെ കളിയാക്കുന്ന രീതിയിലാണ് മുമ്പ് സിനിമയിലൊക്കെ കാസർഗോഡ് ഭാഷ ഉപയോഗിച്ച് വന്നത്.  എന്തെങ്കിലും തമാശയ്ക്ക് വേണ്ടി കാഞ്ഞങ്ങാട്ടെ ഭാഷ മനഃപൂർവം കുത്തി നിറച്ചിരുന്നു. സത്യത്തിൽ അങ്ങനെയൊന്നുമല്ല, കാഞ്ഞങ്ങാട്ടുകാരും എല്ലാവരെയും പോലെ മലയാളമാണ് പറയുന്നതെന്ന് അന്ന് പറയാൻ തോന്നുമായിരുന്നു. 'തിങ്കളാഴ്ച നിശ്ചയ'ത്തിന് കിട്ടിയ സ്വീകാര്യതയോടെ ആ പരിഭവം മാറി. അതിൽ സന്തോഷമുണ്ട്. ഓ, കാഞ്ഞങ്ങാടുകാരാണോ, നിങ്ങള് പറയുന്നതൊന്നും മനസിലാകില്ലല്ലോ എന്നായിരുന്നു മുൻപ് കേട്ടിരുന്നത്. 

ഒരു മിനിറ്റെങ്കിലും സിനിമയിൽ തല കാണിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്

സിനിമാ നടി ആവുമെന്നൊന്നും ഞാൻ വിചാരിച്ചിരുന്നതേയില്ല. എപ്പഴെങ്കിലും സിനിമയിൽ ഒരു മിനിറ്റെങ്കിലും കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് വേണ്ടി  ഓഡിഷന് പങ്കെടുക്കുകയോ, ആരോടെങ്കിലും പോയി ചോദിക്കുകയോ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.  തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ് കോൾ കണ്ടപ്പോഴും ആദ്യം അയച്ചില്ല. പിന്നെ കൊറേ ആൾക്കാര് 'ഒന്ന് ശ്രമിക്ക്' എന്ന് പറഞ്ഞ് ഫോണിലേക്ക് അയച്ച് തന്നതോടെയാണ് ഒരു കൈ നോക്കാമെന്ന നിലയിൽ ഫോട്ടോ അയച്ചത്. 

ആ സുരഭി ഞാൻ തന്നെ

സുരഭി തന്നെയാണ് ഞാൻ. എല്ലാ കാര്യത്തിലും എന്റെ സ്വന്തം അഭിപ്രായം, സ്വന്തം ഇഷ്ടം.  പക്ഷേ വിജയന്റെ ക്യാരക്ടറിന് നേരെ ഓപ്പോസിറ്റാണ് അച്ഛനും അമ്മയും. മക്കൾ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വളരണമെന്ന അഭിപ്രായമാണ് അവരെപ്പോഴും പങ്കുവച്ചിട്ടുള്ളത്. നിങ്ങൾ സ്വതന്ത്രരായ വ്യക്തികളാണ്. നിങ്ങളുടേതായ നിലപാടുകൾ വേണമെന്ന് തന്നെയാണ് അവർ പറഞ്ഞിട്ടുള്ളത്. സിനിമയുടെ കാര്യം പറഞ്ഞപ്പോഴേക്ക് പിന്നെ അവസരം വരണമെന്നില്ല, തേടി വരുമ്പോൾ അത് ചെയ്യൂ എന്നായിരുന്നു വീട്ടിലെ അഭിപ്രായവും. 

സിനിമ ഇറങ്ങാൻ ഏറ്റവുമധികം ആഗ്രഹിച്ചത് എന്റെ അമ്മയാണ്. അമ്മ ആഗ്രഹിച്ചതും ഞാൻ ആഗ്രഹിച്ചതുമായ കാര്യം വന്ന് ചേർന്നപ്പോൾ അമ്മ അടുത്തില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ. ആശുപത്രിയിൽ പോകുമ്പോൾ നഴ്സുമാർ ഓടിയെത്തി, ഞങ്ങൾ സിനിമ കണ്ടു എന്നൊക്കെ പറഞ്ഞു. ഇതൊക്കെ വലിയ സന്തോഷമാണ് തരുന്നത്. സിനിമ കണ്ട് പഠിപ്പിച്ച വിദ്യാർഥികളും ഒപ്പം ജോലി ചെയ്തവരും ടീച്ചർമാരുമെല്ലാം വിളിച്ചു അഭിനന്ദിച്ചു. ഞാൻ പറഞ്ഞില്ലേ എന്റെ കാല് നിലത്തൊന്നുമല്ല ഇപ്പോ. അത്ര സന്തോഷമാണ്.

 അഭിനയത്തോട് തികഞ്ഞ അഭിനിവേശമെനിക്കുണ്ട്. നാടകമൊക്കെ ആ ഇഷ്ടത്തിൽ ചെയ്താണ്. പക്ഷേ അധ്യാപനമാണ് ജോലി. പരസ്പരം തടസമില്ലാതെ രണ്ടും കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ഇതിന് പുറമേ സിനിമകൾക്ക് ഡബ് ചെയ്യാറുണ്ട്. 2015 ൽ പുറത്തിറങ്ങിയ അമീബയ്ക്കാണ് ആദ്യമായി ശബ്ദം നൽകിയത്. 

കഥ വരും മെല്ലെ

സത്യത്തിൽ കഥ എഴുതാൻ  പേടിച്ചിരിക്കുകയാണ്.  ഒരു കഥ എഴുതി അത് വായനക്കാർ സ്വീകരിച്ചു. 2018 ൽ മികച്ച ചെറുകഥയ്ക്കുള്ള അക്ബർ കക്കട്ടിൽ പുരസ്കാരവും ലഭിച്ചു. അടുത്ത കഥ അതിലും നന്നാവണമെന്നുള്ള വലിയ ഉത്തരവാദിത്തമാണ് അത് നൽകിയത്. അതോടെ ആകെ അങ്കലാപ്പായി. എഴുത്ത് നിന്നു. അതുകൊണ്ട് നല്ല കഥ വരുന്നതും കാത്തിരിക്കുകയാണ് ഞാൻ'. സെറ്റ് എക്സാം ട്രെയിനറായി ജോലി ചെയ്യുകയാണ് ഉണ്ണിമായ ഇപ്പോൾ. ഭർത്താവ് ചരൺ വിനായക് സിനിമയിൽ സൗണ്ട് എഞ്ചിനീയറാണ്.