ഹോളിവുഡിന് സൂപ്പർമാൻ, ബോളിവുഡിന് ശക്തിമാൻ, കേരളത്തിന് മിന്നൽ മുരളി. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ പ്രതികരിച്ചത് ഇങ്ങനെയാണ്. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടൊവിനോ സൂപ്പർ ഹീറോ ആയി എത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റാണ്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ബേസിൽ മിന്നൽ മുരളിയുമായി എത്തുന്നത്. ഡിസംബര്‍ 25ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. മിന്നൽ മുരളിയെക്കുറിച്ച് ബേസിൽ സംസാരിക്കുന്നു.
'സൂപ്പർ ഹിറോ' മലയാളത്തിൽ
സൂപ്പർ ഹീറോ എന്നത് മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ഒരു മേഖല ഒന്നുമല്ല. വിനയൻ സാറിന്റെ അതിശയൻ, വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളൊക്കെ ഈ ഒരു വിഭാഗത്തിൽ വരുന്നതാണ്. മിന്നൽ മുരളി എന്ന ചിത്രം കുറച്ചു കൂടി സൂപ്പർ ഹീറോ എന്നതിനോട് നീതി പുലർത്തി ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ഒരു വർഷത്തോളമെടുത്താൽ സിനിമയുടെ സ്ക്രീൻ പ്ലേ തയ്യാറാക്കിത്.
സൂപ്പർമാൻ, സ്പൈഡർമാന്‍, മിന്നൽ മുരളി..?
നാട്ടിൻ പുറത്തേക്ക് സൂപ്പർ ഹീറോയെ പറിച്ചു നടുകയാണ് ചെയ്യുന്നത്. ഹോളിവുഡിൽ സൂപ്പർമാൻ, സ്പൈഡർമാൻ എന്നൊക്കെ പറയുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമുക്ക് രാമായണം, മഹാഭാരതം ഒക്കെ പോലെ അവർ കണ്ട് വളരുന്ന കോമിക്കുകളൊക്കെ ഇവരെക്കുറിച്ചുള്ളതാണ്. ഇവിടെ അങ്ങനെയല്ല സ്ഥിതി. അതിന്റെ ബുദ്ധിമുട്ട് നമുക്ക് ഉണ്ടായിരുന്നു. താരതമ്യം വരാതെ നോക്കണം. താരമ്യപ്പെടുത്തുന്നതിനെ തടഞ്ഞ് നിർത്താനാകില്ല. പക്ഷേ പരമാവധി നീതി പുലർത്തുക എന്നത് ചലഞ്ചിങ്ങായിരുന്നു.
മിന്നലേറ്റ സൂപ്പർ ഹീറോ, ചിരിപ്പിക്കും
മിന്നലേറ്റാണ് മുരളി സൂപ്പർ ഹീറോ ആകുന്നത്. ഇംഗ്ലീഷ് സിനിമകളിലേപ്പോലെ സയൻസ് ലാബിൽ നിന്ന് എന്ന തരത്തിലൊന്നും നമുക്ക് കാണിക്കാനാകില്ല. മിന്നൽ എന്നാൽ എല്ലാവരും വിശ്വസിക്കുന്ന കാര്യമാണ്. കുറച്ചു കൂടി റിലേറ്റ് ചെയ്യാൻ പ്രേക്ഷകർക്ക് സാധിക്കും. പിന്നെ കോമഡിയാണ് എനിക്ക് കുറച്ചുകൂടി കംഫർട്ടിബിൾ ആയിട്ടുള്ള മേഖല. ഹ്യൂമറിനെ കലർത്തി സൂപ്പർ ഹീറോയുടെ കഥ പറയുമ്പോൾ കുറച്ചുകൂടി രസകരമായിരിക്കും. അതുകൊണ്ടാണ് ഹ്യൂമറിനെ കൂട്ട് പിടിച്ച് കഥ പറയാമെന്ന് കരുതിയത്.
വെല്ലുവിളികൾ, പ്രതീക്ഷ
ഏറെ വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു മിന്നൽ മുരളി. കോവിഡ് കാലത്താണ് ഷൂട്ടിങ് തുടങ്ങിയത്. കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ പ്രതീക്ഷിച്ചിരുന്നു. സാധാരണ മലയാള സിനിമയുടെ അഞ്ചിരട്ടി അധിക ബജറ്റിലാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഹോളിവുഡ് സൂപ്പർ ഹിറോ സിനിമകളുമായാകും താരതമ്യം ചെയ്യുക എന്ന് ഉറപ്പാണ്. എന്നാൽ അവിടുത്തെ സിനിമകളുടെ നൂറിലൊന്ന് ബജറ്റേ ഈ സിനിമയക്ക് ചിലവായിട്ടുള്ളൂ. അവർ ഒരു സീൻ എടുക്കാനുള്ള ബജറ്റ്. അതൊരു വെല്ലുവിളി തന്നെയായിരുന്നു. വിഎഫ്എക്സ് ഉപയോഗിച്ചാണ് അവർ ആക്ഷൻ സീനുകളൊക്കെ എടുക്കുന്നത്. നമുക്ക് അതിന് വെല്ലുവിളികളുണ്ട്. സൂപ്പർ ഹീറോ എന്നത് തന്നെ എക്സാജറേഷനാണ്. കോവിഡ് വലിയ പ്രശ്നമായി. ഷൂട്ടിങ് നിന്നു പോയി. ടൊവിനോയ്ക്ക് പരുക്ക്. സെറ്റ് പൊളിച്ച പ്രശ്നങ്ങൾ. പിന്നെ മറ്റൊരു സെറ്റ് ഇടേണ്ടി വന്നു. കൊറോണയുടെ ഇടയിൽ ഷൂട്ട് ചെയ്തതാണ്. അതിന്റെ പരിമിതികൾ ഈ സിനിമ കാണുമ്പോൾ ആർക്കും തോന്നാനും പാടില്ല. തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു സിനിമ തന്നെയാണ് മിന്നൽ മുരളി.
സംവിധാനം കൂടുതൽ പ്രിയം
ഉറപ്പായും സംവിധായകൻ എന്ന റോളാണ് ഏറ്റവും ഇഷ്ടം. അഭിനയവും ഇഷ്ടമാണ്. സംവിധാനം പത്തിരട്ടി സമ്മർദം ഉള്ള ജോലിയാണ്. പക്ഷേ അതിൽ നിന്ന് ലഭിക്കുന്ന ഔട്പുട്ട് കാണുമ്പോൾ വലിയ സന്തോഷം. കാരണം നമ്മളാണ് ആ സിനിമയുടെ മെയിൻ സീറ്റിലിരിക്കുന്നത്. അഭിനയത്തിൽ നിന്ന് ആ ഒരു ഫീല്‍ ഉണ്ടാകില്ലല്ലോ.