‘തേങ്ങ ഉടയ്ക്ക് സ്വാമീ.. ഒന്നും അറിഞ്ഞില്ല..ആരും പറഞ്ഞില്ല..ഇവിടൊന്നും കിട്ടിയില്ല..ബന്ന് വേണോ ബന്ന്..മോഷണം മാന്യമായ തൊഴിലാണോ.., തനിക്ക് നാണമില്ലേടോ..ഇല്ല.., നാശത്തിലേക്കാണ് നിങ്ങടെ പോക്ക്.., കൊല്ലാമായിരുന്നില്ലേ ഇതിലും ഭേദം.., എനിക്കൊരു മകൻ കൂടിയുണ്ട്.. സ്വാഭാവികം..’ ഇങ്ങനെ മലയാളിയുടെ നിത്യജീവിതത്തിൽ വേണു ടച്ചുള്ള ഈ സംഭാഷണങ്ങൾ കടന്നുപോകുന്നത് സാധാരണമാണ്. ചിരിപ്പിച്ച കഥാപാത്രങ്ങളിലും അദ്ദേഹം അസാമാന്യ മെയ്‌വഴക്കം കാട്ടി. അത്രമാത്രം ഇടം പിടിച്ച ഡയലോഗുകൾ. ട്രോൾ പേജുകളിലും ഇത്തരം ഡയലോഗുകളും കമന്റുകളും എപ്പോഴും എത്താറുണ്ട്. അദ്ദേഹം സീരിയസായി പറഞ്ഞ സംഭാഷണങ്ങൾ പോലും ചിരിയോടെ ട്രോൾ ലോകം കൊണ്ടാടുന്നത് അദ്ദേഹത്തിലും വലിയ കാര്യമായിരുന്നു.
അഭിനയപ്രാധാന്യമുള്ള വേഷങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നപ്പോഴും ചിരി പടർത്തിയ ഇത്തരം സീനുകളും ഏറെയാണ്. അതെല്ലാം എടുത്തുപരിശോധിച്ചാൽ ഒന്നിനൊന്ന് മെച്ചവും. മിഥുനം സിനിമയിൽ ഇടയ്ക്ക് വന്നുപോകുന്ന സ്വാമി, തേൻമാവിൻ െകാമ്പത്തിലെ ശ്രീകൃഷ്ണൻ, ചിത്രത്തിലെ കൈമൾ, ബെസ്റ്റ് ആക്റ്ററിലെ ഡെന്‍വര്‍ ആശാൻ, കാക്കക്കുയിൽ, വെട്ടം എന്നിങ്ങനെ ചിരി പടർത്തിയ വേഷങ്ങൾ ഏറെയാണ്.