‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ ഇരുവരെയും രൂക്ഷമായി പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ. വാഴപ്പിണ്ടിയുടെ ചിത്രവും അതുകാെണ്ട് ഉണ്ടാക്കിയ ജ്യൂസിന്റേയും ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിഖ് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു...’ സിദ്ദിഖ് കുറിച്ചു.
സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് പ്രൊജക്റ്റിൽ നിന്നും ഒഴിവായിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ കാരണമാണ് റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ആഷിഖ് അബു അന്ന് അറിയിച്ചത്. 1921–ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമ പറയാൻ ഉദ്ദേശിച്ചിരുന്നത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം ഉണ്ടാകുന്നത്.