ഹോം സിനിമയിലെ നായകനായ അച്ഛൻ ഒലിവർ ട്വിസ്റ്റ് അഭിനന്ദനങ്ങളില്‍ നിറയുമ്പോള്‍ ഇന്ദ്രന്‍സ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം മലയാളികളുടെ വീട്ടിലെ കഥാപാത്രമാണ് അതെന്ന് സിനിമ കണ്ടവർ പ്രശംസിക്കുന്നു. സൂക്ഷ്മമായ നോട്ടങ്ങളും ചിരിയും മൂളലുകളും െകാണ്ട്, തികഞ്ഞ കയ്യടക്കത്തോടെയാണ് ഇന്ദ്രൻസ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ പരിമിതികളെ കഴിവുകൊണ്ട് മറികടന്ന് ഇന്ദ്രൻസ് അമ്പരപ്പിക്കുന്ന വർഷങ്ങളാണ് കടന്നുപോകുന്നത്. 2016ൽ അദ്ദേഹം മനോരമ ന്യൂസ് നേരെ െചാവ്വേയിൽ പറഞ്ഞ ഒരു അനുഭവവും ഇപ്പോഴത്തെ പ്രകടനവും ചേർത്ത് വച്ച് അദ്ദേഹത്തെ പ്രശംസിക്കുന്നവരും ഏറെയാണ്.
‘ചില സമയങ്ങളിൽ സിനിമയുടെ അവസാനഭാഗം എത്തുമ്പോഴും വളരെ സീരിയസായിട്ടുള്ള ഒരു സീൻ വരുമ്പോഴും അവിടുന്ന് ഇന്ദ്രനെ അങ്ങ് ഒഴിവാക്കും. ഇന്ദ്രൻ ഫ്രെയിമിൽ വേണ്ട, ചുമ്മാ നിന്നാലും ചിരിച്ചുപോകും. ആ സീനിന്റെ ഒരു പ്രാധാന്യം അങ്ങ് പോകും. അങ്ങനെ പറഞ്ഞ് മാറ്റിനിർത്തുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ ഒരു വിഷമം തോന്നിയിട്ടുണ്ട്..’ പരിഭവങ്ങളോ പരാതികളോ ഇല്ലാതെ നിറഞ്ഞ ചിരിയോടെ ഇന്ദ്രൻസ് അന്ന് പറഞ്ഞു. ഇന്ന് ഹോമിലെ ഒലിവർ ട്വിസ്റ്റിന്റെ ചിരി ഈ ഒഴിവാക്കലിനുള്ള മറുപടി കൂടിയാകുന്നു എന്നാണ് സൈബർ ലോകത്തിന്റെ വിശേഷണം.
റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സമകാലിക മലയാളി വീടുകളിലേക്ക് തിരിച്ചുവച്ച ക്യാമറയെന്നാണ് നിരൂപകപ്രശംസ. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ജീവനോടെ മുന്നിലുണ്ട് എന്നതും ഹോമിന്റെ പ്രത്യേകതയാണ്.