ചില നടൻമാരുടെ മേക്കോവർ അമ്പരപ്പിക്കുന്നതായിരിക്കും. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തിരിച്ചറിയാൻ പോലും പറ്റാത്ത വിധം അവരുടെ രൂപം മാറും. ചിലർ തടി കൂട്ടും, ചിലർ മെലിഞ്ഞ് നൂലു പോലെയാകും. തമിഴ് താരം സിമ്പുവിന്റെ രൂപമാറ്റമാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചാ വിഷയം.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ൽ സിമ്പു തീരെ മെലിഞ്ഞ് പുതിയ ഗെറ്റപ്പിലാണ് എത്തുന്നത് . ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സിമ്പുവിന്റെ ചിത്രം വൈറലാണ്
ഇപ്പോഴിതാ, ചിത്രത്തിലെ ലുക്കിലുള്ള സിമ്പുവിന്റെ ഒരു സെൽഫിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കാരവാനിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്
ചിമ്പു ചിത്രത്തിനായി 15 കിലോ ഭാരം കുറച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുൻപ് ശരീര ഭാരം കൂടിയ താരം അടുത്തിടെ റിലീസിനെത്തിയ ഈശ്വരൻ, ചിത്രീകരണം പുരോഗമിക്കുന്ന മാനാട് എന്നീ ചിത്രങ്ങൾക്കായി 55 കിലോയോളം പല ഘട്ടങ്ങളിലായി കുറച്ചിരുന്നു.