തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം എന്നുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. വിവാഹക്കാര്യത്തിലേക്കുള്ള സൂചനയെന്നോണം നയൻതാര അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തമിഴ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ താരം സംസാരിച്ചത്. മോതിരവിരലിനെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് വന്ത് എൻഗേജ്മെന്റ് റിങ്' എന്ന് നയൻതാര മറുപടി നൽകുന്നു.
വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്ന് സംസാരിക്കുമെന്നും താരം കൂട്ടിച്ചേർക്കുന്നു.
വിവാഹത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലും വിഘ്നേഷ് നേരത്തെ പ്രതികരിച്ചിരുന്നു. എന്താണ് വിവാഹം കഴിക്കുന്നത് വൈകിക്കുന്നത് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറേക്കാലമായെന്ന് പറയുന്ന ആരാധകനോട് ' കല്യാണത്തിനൊക്കെ വല്യ ചെലവാണ് ബ്രോ, അതുകൊണ്ട് പൈസ കൂട്ടിവയ്ക്കുകയാണ്. പിന്നെ ഈ കൊറോണ കൂടെ പോകട്ടെ എന്നായിരുന്നു വിഘ്നേഷിന്റെ മറുപടി.