dhanush-home-channai

150 കോടി ബജറ്റിൽ തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് നിർമിക്കുന്ന പുതിയ വീടിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിൽ തന്നെയാണ് അദ്ദേഹത്തിനും ആഡംബരവീടൊരുങ്ങുന്നത്.

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഭാര്യാപിതാവായ സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനു സമീപമാണ് ധനുഷിന്റെ സ്വപ്നഭവനം ഉയരുന്നത്. ഫെബ്രുവരിയിൽ ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പർതാരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് താരം ഈ സ്ഥലത്തിന്റെ ഭൂമിപൂജ നിർവഹിച്ചത്.

150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.

2004ൽ വിവാഹിതരായ ധനുഷ് - ഐശ്വര്യ ദമ്പതികൾക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. നിലവിൽ ആൽവാർപേട്ടിലാണ് ധനുഷ് കുടുംബസമേതം കഴിയുന്നത്‌.

ധനുഷിന്റെ അടുത്തിറങ്ങിയ ചിത്രം 'ജഗമേ തന്തിരം' ഇതിനകം ആരാധകപ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന 'ദി ഗ്രേ മാനില്‍ ' ആണ് ധനുഷ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ നടന്നു വരികയാണ്.