മലയാളി കുടുംബപ്രേക്ഷകരുടെ ‘നീലു’വാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയില്‍, ബാലുവിന്റെ ഭാര്യയും അഞ്ച് മക്കളുടെ അമ്മയുമായി നിഷയുടെ പ്രകടനം അത്രയേറെ സ്വാഭാവികമായിരുന്നു. ‘ഉപ്പും മുളകി’ലെ നീലു നിഷയ്ക്ക് വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിഷ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയുടെ പേരിലാണ്. ‘നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നു’ എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. ചിലർ ഒരു പടി കൂടി കടന്ന് ‘ഇളയ മകളുടെ വിവാഹത്തിന് മുൻപ് നിഷ സാരംഗ് വീണ്ടും വിവാഹിതയാകും’ എന്നും എഴുതി. സത്യത്തിൽ എന്താണ് സംഗതിയെന്നു തിരക്കിയപ്പോൾ നിഷയുടെ മറപടി ഒരു പൊട്ടിച്ചിരിയായിരുന്നു.
‘‘വാർത്തകൾ ഞാനും കണ്ടു. നൂറ്റമ്പതു ശതമാനം വ്യാജം’’.– നിഷ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
അപ്പോൾ എന്താണ് കാര്യം ? അതും നിഷ പറയും.
‘‘നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്.