fahed-fazil

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. 

 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്.

 

നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായതും. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ് അണിയറക്കാർ.  ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. 

 

മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മാതാവ്.