payyans

 

 

 

നര്‍മത്തിന്റെ മൂര്‍ച്ചയിലൂടെ രൂക്ഷമായ സാമൂഹ്യവിമര്‍ശനം നടത്തിയ വിഖ്യാത എഴുത്തുകാരന്‍ വി.കെ.എന്നിന്റെ പതിനേഴാം ചരമവാര്‍ഷികമാണ് ഇന്ന്. എഴുത്തിന്റെ ലോകത്തുനിന്ന് വി.കെ.എന്‍ കടന്നുപോയി വര്‍ഷങ്ങള്‍ക്കിപ്പുറവും വായനക്കാരുടെ പ്രിയപ്പെട്ട 'പയ്യന്‍സ്' ബാക്കിയാക്കിയ അക്ഷരങ്ങള്‍ക്ക് പ്രസക്തിയേറെ. 

 

വടക്കേക്കൂട്ടാല നാരായണന്‍ കുട്ടി നായര്‍, വി.കെ .എന്‍ എന്ന മൂന്നക്ഷരത്തില്‍ മലയാളികളുടെ ചിരിയും ചിന്തയുമായിരുന്നു.അനുകരിക്കാനാകാത്ത വഴികളിലൂടെ അക്ഷരസഞ്ചാരം നടത്തിയ തൂലിക. 1929 ഏപ്രില്‍ ഏഴിന് തിരുവില്വാമലയില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹിയിലെ ഔദ്യോഗികജീവിതവഴിയ്ക്കൊപ്പം സമകാലിക വ്യവസ്ഥിതികളെ അക്ഷരമൂര്‍ച്ചയില്‍ ചോദ്യം ചെയ്ത്  കവിതയും നാടകവും ഒഴിച്ച് മറ്റെല്ലാ എഴുത്തുവഴികളിലും കയറിയിറങ്ങി തിരുവില്വാമലയില്‍ തന്നെ ‌2004ല്‍  പൂര്‍ത്തിയാകുമ്പോള്‍ ആ രചനാവ്യക്തിത്വം മറ്റാര്‍ക്കും അനുകരിക്കാനാകാതെ  വേറിട്ടുതന്നെ നില്‍ക്കുന്നു. കഥയും നോവലുമായി 25ലേറെ കൃതികളില്‍ പയ്യന്‍ കഥകളും ചാത്തന്‍സും നാണ്വാരുമെല്ലാം  പകരക്കാരില്ലാതെ ഇനും പലതിനെയും ചോദ്യം ചെയ്യുന്നു, പരിഹസിക്കുന്നു, ഊറിച്ചിരിക്കുന്നു.. വിവര്‍ത്തനത്തിനുപോലും വഴങ്ങാത്ത ശൈലിയില്‍ വിസ്മയിപ്പിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ വഴി നടന്ന ഡല്‍ഹിക്കാലം തന്നെയായിരുന്നു വികെഎന്നിന്റെ എഴുത്തിന്റെയും ഉശിരന്‍കാലം. ജീവിതാനുഭവങ്ങളിലെ രാഷ്ട്രീയനാടകങ്ങളെ കണക്കറ്റ് കളിയാക്കിയ എഴുത്തുജീവിതം.മലയാളത്തിന്റെ ശബ്ദകോശത്തിലേക്ക് പയ്യന്‍സ്, ചാത്തന്‍സ്, സര്‍ചാത്തു എന്നിങ്ങനെ പകര്‍ന്നുനല്‍കിയ പദാവലികള്‍ക്കും  പകരക്കാരില്ല.17 ആണ്ടുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ പ്രസ്കതമാവുകയാണ് മൂര്‍ച്ചയുള്ള ആ തൂലിക