മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. മോഹൻലാലിന്റെ ലൊക്കേഷനിലേക്കുള്ള വരവിന്റെ വിഡിയോ ആരാധകർ ആഘോഷമാക്കി. ആ ലുക്കിന് പിന്നിലുള്ള രഹസ്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് നടി അന്‍സിബ ഹസ്സൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ മോഹന്‍ലാലിന്‍റെ ഡയറ്റിനെക്കുറിച്ച് പറയുന്നത്. പാൽക്കഞ്ഞി മാത്രമാണ് താരം ആ സമയത്ത് കഴിച്ചിരുന്നതെന്നാണ് അൻസിബ പറയുന്നത്. 

'ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ എല്ലാവരും സെറ്റില്‍ തന്നെയായിരുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ട് നടന്നത്. ലാലേട്ടന്‍ ദിവസവും വരുന്നത് കാണാന്‍ ഞങ്ങള്‍ എല്ലാവരും കാത്തിരിക്കും. ലാലേട്ടന്‍ ദൃശ്യം 2 ഷൂട്ട് സമയത്ത് ഡയറ്റിങ്ങിലായിരുന്നു. പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നു. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമാണ് കഴിച്ചത്'. അൻസിബയുടെ വാക്കുകൾ. വിഡിയോ കാണാം.