mohanlal-ipl

ആവേശം വാനോളം ഉയർത്തി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനല്‍ മത്സരം കാണാൻ മോഹൻലാലും. മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് പോരാട്ടം കാണാൻ കേരളത്തിൽ നിന്നുള്ള വിശിഷ്ടാതിഥിയാണ് മോഹൻലാൽ. സുഹൃത്ത് സമീർ ഹംസയും ഒപ്പമുണ്ട്. തൊടുപുഴയില്‍ നടന്നിരുന്ന 'ദൃശ്യം 2'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുന്‍പാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്. 

'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ അന്തര്‍ദേശീയ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്. ഐപിഎൽ കാണാൻ ടെലിവിഷൻ സ്ക്രീനിനു മുന്നിലിരുന്ന മലയാളികള്‍ക്കടക്കം അത് സർപ്രൈസ് വരവായി. സിനിമയിലെ ഇൻട്രോ പോലെ ആദ്യം തിരിഞ്ഞ്‌ നിന്ന് പിന്നെ മുഖം കാണിക്കുന്നതൊക്കെ, മലയാളി എന്ന നിലയിൽ മാച്ചിനു മുൻപുള്ള നല്ലൊരു ട്രീറ്റ്‌ ആയിരുന്നുവെന്ന് ആരാധകർ പറയുന്നു. വൈകിയറിഞ്ഞ ചിലർ ആ രംഗം ലൈവായി കാണാനാകാത്തതിന്റെ വിഷമവും പങ്കുവെച്ചു. 

മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 

മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹിയാണ് ആദ്യം ബാറ്റി ചെയ്യുക. അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.