മോഹൻലാല്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ദശരഥത്തിലെ രാജീവ് മേനോൻ ഉറപ്പായും ഉണ്ടാകും. നെഞ്ചിൽ ഒരു വിങ്ങലോടെയാകും പലരും ആ ചിത്രം കണ്ടുതീർത്തിട്ടുണ്ടാവുക. 

ചിത്രത്തിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട ഒരു രംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കൃത്രിമ ബീജസങ്കലനത്തിനായി മോഹൻലാൽ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ സീനാണിത്. മോഹൻലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.  തിരക്കഥാകൃത്തും സബ്‌ടൈറ്റിലറുമായ വിവേക് രഞ്ജിത്ത് ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സബ്ടൈറ്റില്‍ വരെ ചെയ്ത രംഗം പിന്നീട് മുറിച്ചുമാറ്റപ്പെടുകയായിരുന്നു. അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും വിവേക് പറയുന്നു. 

''മോഹൻലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം. ശുദ്ധമായ സ്വർണം പോലെയാണ് ലാലേട്ടന്റെ അഭിനയം. കൃത്രിമ ബീജസങ്കലനത്തിനായി ബീജം ശേഖരിക്കേണ്ടിവരുന്നയാളായി 1989 ൽ അഭിനയിച്ച സൂപ്പ‍ർസ്റ്റാർ'', വിഡിയോയ്ക്കൊപ്പം വിവേക് കുറിച്ചതിങ്ങനെ. 

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1989 ലാണ് പുറത്തിറങ്ങിയത്. രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്.  വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായി വേഷമിട്ടത് രേഖയാണ്. ലോഹിതദാസിന്റേതായിരുന്നു തിരക്കഥ.