karthick-aryan-pb-nooh

പത്തനംതിട്ട കലക്ടർ പി.ബി നൂഹിനെ അഭിമുഖം ചെയ്ത് ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. 'ഈ അഭിമുഖം കണ്ടു കഴിഞ്ഞാൽ തീർച്ചയായും അക്ഷയ് കുമാർ നിങ്ങളെപ്പറ്റി സിനിമ എടുക്കും' എന്നായിരുന്നു നൂഹിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ കാർത്തികിന്റെ പ്രതികരണം. കോവിഡ് പ്രതിരോധത്തിനായി കലക്ടർ നടത്തിയ ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് കാർത്തിക് അറിഞ്ഞത്. 

ദുരന്തങ്ങളെ നേരിടുന്നതിൽ കേരളം കൈവരിച്ച കാര്യക്ഷമതയെക്കുറിച്ചും കലക്ടറുടെ പ്രവർത്തനരീതിയെക്കുറിച്ചും കാർത്തിക് ചോദിച്ചറിഞ്ഞു. ഇടയ്ക്കൽപം കുസൃതിയോടെ കാർത്തിക് ചോദിച്ചു, 'നൂഹ് നിങ്ങളാണെന്റെ ഹീറോ എന്നു മലയാളത്തിലെങ്ങനെ പറയും?' ഒട്ടും താമസമില്ലാതെ കലക്ടറുടെ മറുപടി എത്തി. 'കാർത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ'! മലയാളം അറിയില്ലെങ്കിലും കലക്ടറുടെ മൊഴിമാറ്റത്തിലെ തമാശ കാർത്തിക് തിരിച്ചറിഞ്ഞു. 

കലക്ടറെ 'ഹീറോ' എന്നായിരുന്നു താരം അഭിമുഖത്തിൽ പലപ്പോഴായി അഭിസംബോധന ചെയ്തത്. എപ്പോഴാണ് താനോരു ഹീറോ ആണെന്ന് സ്വയം തിരച്ചറിഞ്ഞതെന്നും കാർത്തിക് കലക്ടറോട് ചോദിച്ചു. "ഞാൻ ഹീറോ അല്ല, ഓഫിസർ മാത്രം," എന്നായിരുന്നു കലക്ടർ നൂഹിന്റെ മാസ് മറുപടി. ഈ അഭിമുഖം കണ്ടു കഴിഞ്ഞാൽ തീർച്ചയായും അക്ഷയ് കുമാർ നിങ്ങളെപ്പറ്റി സിനിമ എടുക്കുമെന്നും കാർത്തിക് ആര്യൻ കൂട്ടിച്ചേർത്തു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പകർപ്പവകാശം കാർത്തിക് ആര്യന് ആണെന്ന് അക്ഷയ് കുമാറിനോട് പറയണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അഭിമുഖം സമൂഹമാധ്യമങ്ങളിലും ചർച്ചയായി.