ലോക്ഡൗൺ കാലത്ത് ആഘോഷവും ആൾക്കൂട്ടവുമില്ലാതെ നടന്‍ മണികണ്ഠന് വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് മണികണ്ഠന്റെ ജീവിതസഖി . വിവാഹ ചെലവുകൾക്കായി കരുതിയ പണം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തൃപ്പൂണിത്തുറ എരൂർ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. എട്ടിനും എട്ടരയ്ക്കുമിടയിലെ മുഹൂർത്തത്തിലേക്ക് വധുവും വരനുമെത്തിയപ്പോൾ ബന്ധുക്കൾ നാമമാത്രമായി. ആറുമാസം മുൻപ് തീരുമാനിച്ച വിവാഹം ലോക്ഡൗണിലും ആഘോഷങ്ങളില്ലാതെ ഗംഭീരമായി. താലികെട്ടിന് പിന്നാലെ വിവാഹത്തിന് കരുതിയ പണം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം.സ്വരാജ് എം.എൽ.എക്ക് കൈമാറി.
കഷ്ടിച്ച് അരമണിക്കൂർ നീണ്ട ചടങ്ങിനും സന്തോഷം പങ്കിടലിനുംശേഷം ആശംസകൾ ഏറ്റുവാങ്ങി അവർ പുതുജീവിതത്തിലേക്ക് നടന്നുകയറി. ആര്‍ക്കും പരിഭവം തോന്നരുതെന്നു മണികണ്ഠന്‍ ചടങ്ങുകള്‍ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വരെ ഈ ക്ഷേത്രത്തിനു പുറത്താണ് നില്‍ക്കുന്നത്. ഇന്ന് വിവാഹം മാറ്റി വച്ചാല്‍ പിന്നെ എന്നാണെന്ന് പറയാനാകില്ല. അതു കൊണ്ടാണ് ഇന്നു തന്നെ നടത്തിയത്. ഇതില്‍ വാശിയൊന്നുമില്ല. വിവാഹച്ചിലവുകള്‍ക്കുള്ള തുക നാടിനു വേണ്ടി മാറ്റി വക്കണമെന്നു തോന്നി. എല്ലാവരുടേയും ആരോഗ്യമാണ് വലുത്. ആഘോഷങ്ങള്‍ പിന്നേയുമാകാമെന്നും നടന്‍ പറഞ്ഞു.