തിരുവനന്തപുരം∙ ലോക് ഡൗൺ രണ്ടു പതിറ്റാണ്ടു മുൻപു കിട്ടിയിരുന്നെങ്കിൽ അച്ഛനെ കൊതി തീരെ അടുത്തുകാണാമായിരുന്നുവെന്നോർക്കുകയാണ് പ്രശസ്ത നടൻ കരമന ജനാർദനൻനായരുടെ മകനും നടനുമായ സുധീർ കരമന. . അഭിനയത്തിലും ജീവിതത്തിലും എന്നു പ്രചോദനമായിരുന്ന അച്ഛനെ തിരക്കൊഴിഞ്ഞ് ഒരിക്കലും മക്കൾ കണ്ടിട്ടില്ല. ജോലിയും സിനിമാ, നാടക അഭിനയയവുമായി സദാ തിരക്കിന്റെ വെള്ളിവെളിച്ചത്തിലായിരുന്നു കരമന. മുഖ്യധാരാ സിനിമയിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ വേഷമിടുകയും പ്രേക്ഷകരുടെയും പ്രമുഖ സംവിധായകരുടെയും പ്രിയ നടനാവുകയും ചെയ്ത കരമന വിട പറഞ്ഞിട്ട് ഇന്നലെ രണ്ടു പതിറ്റാണ്ടു തികഞ്ഞു.
പ്രോവിഡന്റ് ഫണ്ട് വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ജനാർദ്ദനൻ നായർ. തമിഴ്നാട്ടിലും വടക്കൻ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതൽ ജോലി നോക്കിയത്. ഇതിനിടെയാണ് സിനിമാ അഭിനയവും നാടക പരിശീലനവുമെല്ലാം. തിരക്കു കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുക പരമാവധി ഒരാഴ്ച. മക്കൾക്ക് അദ്ദേഹത്തെ അടുത്തു കിട്ടുക ഈ സമയത്തു മാത്രമാണ്. 2000 ഏപ്രിൽ 24 ന് വൈകിട്ട് നാലിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇന്നലെ പേരൂർക്കട ഇന്ദിരാ നഗറിലെ വീട്ടിൽ മക്കളെല്ലാവരും എത്തി. ഏറെ നേരും അമ്മയുമൊത്തു ചെലവഴിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ ഷൂട്ടിംങ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയാണ് സുധീർ.