പെൻഷൻ പണം വീട്ടിലെത്തിയതിന്റെ സന്തോഷം പാട്ടു പാടി പങ്കിട്ട് വൈറൽ ഗായിക നഞ്ചമ്മ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിച്ചു നൽകിയ പണം കയ്യിൽപിടിച്ച് നഞ്ചമ്മ പാട്ടു പാടുന്ന വിഡിയോ ധനമന്ത്രി തോമസ് ഐസക് പങ്കുവച്ചു. മനസു നിറയുന്ന ഒരു ചിരിയോടു കൂടിയാണ് നഞ്ചമ്മയുടെ പാട്ട് പൂർണമാകുന്നത്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പാട്ടു പാടിയ നഞ്ചമ്മ പെൻഷൻ തുക കയ്യിൽ പിടിച്ചുകൊണ്ടാണ് ഇപ്പോൾ പാടുന്നതെന്നും ഓരോ തവണയും പെൻഷൻ വിതരണം ചെയ്യുമ്പോൾ പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം ചെറുതല്ലെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി കുറിച്ചു.
മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതെ, സർക്കാർ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് തരുന്നത്.
ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.
പതിവുപോലെ ഓരോ തവണയും ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെൻഷൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയിൽ പാട്ടുപാടിയ നഞ്ചമ്മ തന്നെ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദനങ്ങൾ’.