maneesha23

കണ്ണുംമിഴിച്ച് മീനാക്ഷിയെ പേടിപ്പിക്കുന്ന കുശുമ്പി അമ്മായി അമ്മ, 'വാസവദത്ത എന്ന വസു'. മഴവില്‍‌ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ഹിറ്റ് സീരിയലിലെ വാസവദത്തയെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഗായിക മനീഷയാണ് ‘തട്ടീംമുട്ടീ’മില്‍ ഇൗ കഥാപാത്രത്തിലെത്തുന്നത്. മുപ്പതോളം സിനിമകളിലും മൂവായിരത്തി അഞ്ഞൂറോളം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട് മനീഷ. എന്നാൽ ഈ അമ്മായി അമ്മ റോളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വിശേഷങ്ങളുമായി മനീഷ ഇതാ മനോരമ ന്യൂസ്ഡോട്ട്കോമിനോട് സംസാരിക്കുന്നു‍. 

 

തട്ടീം മുട്ടീമില്‍ എത്തുന്നതെങ്ങനെ?

എന്റെ ജീവിതം മുഴുവൻ നിമിത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വാസവദത്തയുടെ റോൾ ചെയ്യാൻ തീരുമാനിച്ചിരുന്നത് വേറെ ഒരു ആർടിസ്റ്റിനെയായിരുന്നു. അവർ ചെയ്തിട്ട് ശരിയാകാതെ വന്നപ്പോഴാണ് ഞാൻ അതിലേക്കെത്തുന്നത്. കമാലസനന്റെ വേഷം ചെയ്യുന്ന നസീർ സംക്രാന്തിയെ നേരത്തെ പരിയചമുണ്ട്. അടുത്ത കാലത്തായി ഒരുമിച്ച് വർക്കൊന്നും ചെയ്തിട്ടില്ല. അദ്ദേഹം എന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ്. ആ സമയത്ത് ഞാൻ ഫെയ്സ്ബുക്കിൽ ഒരു പാട്ട് പാടി അപ്ലോഡ്‍് ചെയ്തിരുന്നു. തട്ടീം മുട്ടീമിന്‍റെ സെറ്റിലിരുന്ന് ആ പാട്ട് കണ്ടപ്പോഴാണ്, നസീറിക്കയ്ക്ക് മനീഷ അഭിനയിക്കുമല്ലോ എന്ന് മനസിൽ തോന്നുന്നത്. ഉടനെ എന്നെ വിളിക്കുകയായിരുന്നു. 

 

ഞാൻ താമസിക്കുന്നത് തൃശൂരാണ്. പക്ഷെ മറ്റൊരു ആവശ്യത്തിനായി എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാനപ്പോൾ. നസീറിക്കയുടെ കോൾ വന്നതും. എന്തോ ഒരു വർക്കിനാണെന്ന് മനസിലായി. പാട്ടായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ തട്ടീംമുട്ടീമിന്‍റെ സെറ്റിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല. ചെന്നയുടനെ ഇൗ വേഷം പറഞ്ഞ് തന്നിട്ട് അഭിനയിച്ചു നോക്കാൻ പറയുകയായിരുന്നു. പിന്നെ ഞാനും സ്ഥിരം കാണുന്ന പരിപാടിയായിരുന്നു തട്ടീംമുട്ടീം.

maneesha3

 

കോമഡി വഴങ്ങുമോ എന്ന് സംശയമുണ്ടായിരുന്നോ?

അങ്ങനെ സംശയമൊന്നുമില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും കോമഡിയാണ്. കൂടാതെ ഞാൻ പണ്ട് ഒരുപാട് വേദികളിൽ മിമിക്രിയും മോണോ ആക്ടുമൊക്കെ ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ ഞാൻ പാട്ടിനേക്കാൾ പേര് നൽകിയിരുന്നത് മിമിക്രിക്കും മോണോ ആക്ടിനുമൊക്കെ ആയിരുന്നു. എന്റെ സഹോദരന് ഇഷ്ടമായിരുന്നില്ല അത്. പാട്ട് പാടാനുള്ള തൊണ്ട വച്ചാണ് ഇൗ ശബ്ദങ്ങളൊക്കെ കേൾപ്പിക്കുന്നത് എന്ന് പറയും. ഒരിക്കൽ ഒാണത്തിന് ക്ലബിന്റെ പരിപാടിയിൽ പേര് നൽകി. ചേട്ടനറിയാതെയായിരുന്നു ഇത്. അടുത്തതായി മകുടി ഉൗതാനെത്തുന്നു മനീഷ എന്ന് അനൗൺസ് ചെയ്ത് വേദിയിൽ കയറി മിമിക്രി തുടങ്ങിയതും അതാ നിൽക്കുന്നു ചേട്ടൻ മുന്നിൽ. പിന്നെ കണ്ടം വഴി ഒാടുകയായിരുന്നു. അന്നൊക്കെ ടിനി ടോമായിരുന്നു മിമിക്രി വേദിയിൽ എന്റെ എതിരാളി. 

 

വാസവദത്തയെ പോലെ ജീവിതത്തിലും കുശുമ്പിയാണോ?

മനുഷ്യസഹജമായ കുറച്ച് കുശുമ്പൊക്കെയുണ്ട്. അസൂയ ഇല്ല. ആരെയും ഉപദ്രവിക്കില്ല. മീനാക്ഷി നല്ലൊരു പെണ്‍കുട്ടിയാണ്. സ്വന്തം മകളപ്പോലെയാണ് എനിക്ക്. നല്ല സ്വഭാവം. ഞാൻ സെറ്റിലൊക്കെ മീനാക്ഷിയെ കാണുമ്പോൾ അതുപോലൊരു മരുമകളെ എനിക്കും വേണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്റെ മകൻ വിവാഹം കഴിക്കുമ്പോൾ മീനാക്ഷിയപ്പോലൊരു പെൺകുട്ടിയെ കിട്ടണമെന്നാണ് ആഗ്രഹം. 

 

ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയില്ലേ?

30 വർഷക്കാലം പാട്ടിന്റെ ലോകത്തായിരുന്നു. 15 ഒാളം സിനിമകളിൽ അഭിനയിച്ചു. പക്ഷെ തട്ടീംമുട്ടിയിൽ വന്നതോടെയാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പുറത്തിറങ്ങിയാൽ 'വാസു' എന്നാണ് ആളുകൾ വിളിക്കുക. ആദിയും മീനാക്ഷിയുമൊക്കെ സ്വന്തം മകനും മകളുമാണെന്നാ എല്ലാരുടേയും വിചാരം. അവരൊക്കെ എവിടെ എന്നാണ് എന്നെ കാണുമ്പോൾ എല്ലാവരും ചോദിക്കുന്നത്.

 

അഭിനയരംഗത്തേക്ക് വരുന്നത്?

maneesh6

തന്മാത്ര എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. അന്ന് ദുബായിൽ റേഡ‍ിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു. തന്മാത്ര സിനിമയിലേക്ക് 

കുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒാഡീഷനിൽ മകളെ പങ്കെടുപ്പിക്കാൻ പോയതായിരുന്നു. മോൾക്ക് മൂന്നുവയസേ ഉള്ളൂ. അവൾക്ക് ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഞാൻ ആക്​ഷനിലൂടെ കാണിച്ചുകൊടുക്കുന്നത് സംവിധായകൻ ബ്ലസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് ബ്ലസിയുടെ വിളി വന്നു. നീരജ ചെറിയ കുട്ടിയല്ലേ, അവളെ പിന്നീട് അഭിനയിപ്പിക്കാം. മനീഷയ്ക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. അയ്യോ ഇല്ല, പാട്ടിലാണ് താൽപര്യം, കോറസ് പാടാനാണെങ്കിലും വരാം എന്ന് മറുപടി പറഞ്ഞു. ഇത് കേട്ട് ബ്ലസി പറഞ്ഞു, നമ്മുടെ ആഗ്രഹം ഒന്നായിരിക്കാം, പക്ഷെ കർമമേഖല മറ്റൊന്നിലായിരിക്കാം. ഒരുപക്ഷെ അഭിനയിച്ച് പേരെടുക്കുമ്പോൾ പാട്ടിൽ അവസരം ലഭിച്ചാലോ എന്ന്്. ഇപ്പോഴും ആ വാക്കുകൾ ഞാൻ മനസിൽ സൂക്ഷിക്കുന്നുണ്ട്.

 

എസ്പിബിയുടെ വിഡിയോ വൈറലായത്? 

തൃശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടികൾ അവതരിപ്പിച്ചാണ് ഞാൻ വളർന്ന് വന്നത്. അങ്ങനെ ചേതനയുടെ സിൽവർജൂബിലിയിലെ ആഘോഷത്തിന് എസ്പിബി സാർ വരുന്നുണ്ടെന്നറിഞ്ഞു. ഇതറിഞ്ഞ് ഞാൻ അവിടുത്തെ ഫാദറോട് ചോദിച്ചു എസ്പിബി സാർ വരുന്നുണ്ടെങ്കിൽ 'മലരേ' എന്ന പാട്ട് അദ്ദേഹത്തോടൊപ്പം പാടാൻ എന്നെ അനുവദിക്കുമോ എന്ന്. പക്ഷെ അദ്ദേഹം ഏതൊക്കെ പാട്ടാണ് പാടുന്നതെന്ന് അറിയില്ലായിരുന്നു.. അങ്ങനെ കാത്തിരുന്നിട്ടും അദ്ദേഹത്തിന്റെ പാട്ട് ലിസ്റ്റ് വന്നില്ല. അവസാനം പാടുമോ എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ   അദ്ദേഹം ചേതനയിലേക്ക് വിളിച്ചു പറഞ്ഞു, പാടാനുള്ള പാട്ടിന്റെ ലിസ്റ്റ് നിങ്ങൾ തന്നെ തയ്യാറാക്കിക്കോളൂ എന്ന്. അങ്ങനെ കാത്തിരുന്ന നിമിഷമായി. 

 

22 വർഷമായുള്ള കാത്തിരിപ്പാണ്. സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു. പക്ഷെ അന്ന് പരിപാടിക്ക് ഞാനെത്തിയത് കുറച്ച് താമസിച്ചാണ്. ആകെ ടെൻഷനിലായിരുന്നു. എപ്പോൾ പാട്ട് പാടുപാടുമെന്നറിയില്ല. അദ്ദേഹം ആദ്യം തന്നെ മലരേ പാടുകയായിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചില്ല. കാത്തിരിപ്പ് സഫലമാകുന്നു. പക്ഷെ മറ്റൊരു വികാരത്തിലാണ്. മാറോടണയാൻ എന്ന വാക്കു വന്നപ്പോൾ‌ എന്നെ കെട്ടിപ്പിടിച്ചു. ഇത് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറയാൻ തുടങ്ങി. അദ്ദേഹം എന്റെ കണ്ണീർ തുടച്ചു. ഇതോടെ എന്റെ സ്വപ്നം സഫലമാകുന്നതിന് തുല്യമായി. ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

പിറ്റേന്ന് മലയാള മനോരമ പത്രത്തിന്റെ ആദ്യ പേജിൽ എസ്പിബി സാർ കരയുന്ന എന്നെ ആശ്വസിപ്പിക്കുന്ന ചിത്രം അടിച്ചു വന്നു. അതും ലോകത്തുള്ള എല്ലാ എഡിഷനിലും. ഡിസംബർ 17 ന് നടന്ന പരിപാടിയാണ്, പിന്നെ ഒരാഴ്ചയോളം നിർത്താതെ വിവിധ ആളുകളുടെ ഫോൺവിളിയായിരുന്നു. അവരൊക്കെ പറഞ്ഞത് മനീഷ കരഞ്ഞത് കണ്ടപ്പോൾ ‍ഞങ്ങൾക്കും കരച്ചിൽ വന്നു എന്നാണ്. ഒരുപാട് വിഷമം ഉള്ളിൽ വച്ച് കരയുന്നതുപോലെ തോന്നി എന്ന്.

 

എസ്പിബി എന്നാൽ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. മനുഷ്യത്വത്തിന്റെ മൂർത്തിമത്ഭാവമാണ് അദ്ദേഹം. ഞാൻ 20 വർഷം മുമ്പ്  വേദികളിൽ അദ്ദേഹത്തോടൊപ്പം പാടിയിട്ടുണ്ട്. അദ്ദേഹം ഒന്ന് രണ്ട് തവണ തൃശൂർ വന്നപ്പോഴൊന്നും എനിക്ക് കാണാനോ കൂടെ പാടാനോ കഴിഞ്ഞില്ല. എല്ലാത്തിനും ഒാരോ സമയമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 

 

പാട്ടിൽ  തഴയപ്പെട്ടു എന്ന് കരുതുന്നുണ്ടോ?

ഉണ്ട്. എന്റെ നാട്ടിൽ പോലും പലരും തഴഞ്ഞു. നാട്ടിലെ പരിപാടികൾക്ക് പോലും എന്നെ വിളിക്കാറില്ല. എസ്പിബിയോടൊപ്പമുള്ള പരിപാടിക്ക് എന്നെ പാടിക്കാതിരിക്കാൻ നോക്കി. മനീഷ പാടിയാൽ ശരിയാകുമോ എന്നു പോലും ചോദിച്ചിട്ടുണ്ട്. പാടിയ നാല് പുതിയ സിനിമകൾ റിലീസിനൊരുങ്ങുകയാണ്‌.