mohanlal-new-car

മോഹൻലാലിന്റെ ഇനിയുള്ള യാത്ര ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയറിൽ. പുതിയ വാഹനത്തിെനാപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. കേരളത്തിൽ ഇൗ വാഹനം മൂന്നുപേരാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. താരത്തിന്റെ ഇഷ്ടനമ്പറായ 2255 വുമായി വാഹനം പായുന്നത് കാത്തിരിക്കുകയാണ് ആരാധകർ. 

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവുണ്ട്.