വിശപ്പടക്കാനാകാതെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസിയായ മധു മരിച്ചിട്ട് രണ്ട് വർഷം കഴിയുന്നു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് മധുരം മലയാളം എന്ന ഹ്രസ്വചിത്രം. തീൻമേശയിൽ നിന്നും അടർന്നു വിഴുന്ന മധുരത്തിന്റെ പങ്ക് ശേഖരിക്കുന്ന ഒരു ഉറുമ്പ്. അത് പിന്നീട് ഒരുകൂട്ടം ഉറുമ്പുകൾ പങ്കിട്ട് ഭക്ഷിക്കുന്നു. ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയ വാർത്ത പ്രസിദ്ധീകരിച്ച പത്രത്താളിലാണ് ഉറുമ്പുകൾ കൂട്ടം കൂടിയിരിക്കുന്നത്. 

കഥാപാത്രങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ ആശയം ആവിഷ്ക്കരിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ഛായാഗ്രഹണമാണ് മികച്ച് നിൽക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ഗോപു വടക്കാഞ്ചേരി സംവിധാനം ചെയ്ത് ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിധിൻ മോഹനാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആ ചെറുചിത്രം പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. വിഡിയോ കാണാം.