ശക്തമായ തിരിച്ചുവരവാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ്ഗോപി നടത്തിയിരിക്കുന്നത്. തിയറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ അണിയറയിലെ പ്രത്യേകതകളാണ് സോഷ്യൽ ലോകത്തും നിറയുന്നത്. സത്യൻ അന്തിക്കാടിനോട് ഒരുപാട് തവണ ചാൻസ് ചോദിച്ച് ചെന്നിട്ടുണ്ട് സുരേഷ്ഗോപി. ഇന്ന് അദ്ദേഹത്തിന്റെ മകനിലൂടെ തിരിച്ചുവരവ്.

അതിനൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു, കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികയാകുന്നു, ദുൽഖർ നിർമാതാവിന്റെ വേഷവും അണിയുന്നു തുടങ്ങി ഒട്ടേറെ സവിശേഷത ചിത്രത്തിനുണ്ട്. മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.മധ്യവയസ്സിലും ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന, സ്ത്രീകളോട് ഇടപഴകുമ്പോഴും സ്റ്റേജിൽ കയറുമ്പോഴും മുട്ട് വിറയ്ക്കുന്ന നിഷ്കളങ്കനായി അദ്ദേഹം നിറയുന്നു. കുടുംബപ്രേക്ഷകർക്ക് ഉണ്ണികൃഷ്ണനെ ഒപ്പം കൂട്ടാവുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ അവതരണം.

സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ച കഥ

സിനിമ എന്ന സ്വപ്നവുമായി അലയുന്ന കാലത്താണ് സുരേഷ് ഗോപി ചാൻസ് ചോദിച്ച് സത്യൻ അന്തിക്കാടിന്റെ സെറ്റിലെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയമാണത്. അങ്ങനെ ചാൻസ് ചോദിച്ചെത്തിയ സുരേഷ് ഗോപിക്ക് ഒടുവിൽ ചെറിയൊരു വേഷം കിട്ടി. നായകന്‍റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്‍റെ റോളായിരുന്നു അന്ന് ചെയ്തത്. പിന്നീട് സുരേഷ്ഗോപി വലിയ താരമായി. പക്ഷേ എന്നിട്ടും സത്യൻ അന്തിക്കാട്– സുരേഷ്ഗോപി കൂട്ടുകെട്ട് അങ്ങനെ വന്നില്ല.

മൂന്നു ചിത്രങ്ങളിൽ മാത്രമായിരുന്നു ഇരുവരും ഒരുമിച്ചത്. ശ്രീധരന്‍റെ ഒന്നാം തിരുമുറിവിലും സമൂഹം എന്ന സിനിമയിലും സുരേഷ്ഗോപി സത്യനൊപ്പം പ്രവർത്തിച്ചു. എന്നാൽ കാലം ഇപ്പോൾ കഥ തിരുത്തുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ മകനൊപ്പം ഗംഭീര തിരിച്ചുവരവാണ് സുരേഷ്ഗോപി നടത്തുന്നത്.