‘നമ്മൾക്ക് ഇടയിൽ നിന്നും വന്നവനെ പോലെ തോന്നുന്ന ഒരുപാട് താരങ്ങളുണ്ട് തമിഴ് സിനിമയിൽ. എന്നാൽ നമ്മൾക്കാകെ ഒരുത്തൻ വന്നു എന്നു തോന്നിയത് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വരവോടെയാണ്.’ ഒരു ചടങ്ങിൽ വിജയ് സേതുപതിക്ക് കിട്ടിയ വിശേഷണം ഇങ്ങനെയാണ്. ഇതിന് ശരിവയ്ക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സിനിമാ തിരഞ്ഞെടുപ്പ്. വ്യത്യസ്ഥമായ വേഷങ്ങൾ കൈകാര്യം ചെയ്ത് വമ്പൻ വിലയുള്ള താരമായി വിജയ് സേതുപതി മാറി. ഇപ്പോൾ വിജയ്ക്കൊപ്പം മാസ്റ്റർ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുകയാണ് താരം.
മുൻപ് രജനീകാന്ത് ചിത്രം പേട്ടയിലും ഇത്തരത്തിൽ ഒരു വേഷം വിജയ് സേതുപതി ചെയ്തിരുന്നു. നായകനായി തിളങ്ങി നിൽക്കുമ്പോൾ എന്തിനാണ് വില്ലൻ വേഷം ചെയ്യുന്നതെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരുടെ പുതിയ ചർച്ചാവിഷയം. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒരുപാട് ഇഷ്ടമായി. വില്ലൻ വേഷമായത് കൊണ്ട് ആ വേഷം ഉപേക്ഷിക്കാൻ മനസ് വന്നില്ലെന്നും വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞു.
സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിജയ്യെ വിട്ടയച്ചു
മുപ്പതുമണികൂർ നീണ്ട് നിന്ന ചോദ്യം ചെയ്യലിനു ശേഷം തമിഴ് നടൻ വിജയ്യെ ആദായ നികുതി വകുപ്പ് വിട്ടയച്ചു.വീട്ടിൽ നിന്ന് ആധാരങ്ങളും നിക്ഷേപ രേഖകളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ബിഗിൽ സിനിമയുടെ കണക്കുകളിൽ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടി കാണിച്ച് ഐ.ടി വകുപ്പ് വിജയ്യെ കസ്റ്റഡിയിൽ എടുത്തത്.
ബിഗിൽ സിനിമയിൽ കൈപ്പറ്റിയ പ്രതിഫലം സംബസിച്ചാണ് വിജയ്യെ ഒന്നര ദിവസമായി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്. സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റ ടെയ്ൻമെന്റന്റ ഓഫീസുകളിലും സിനിമയ്ക്ക് പണം പലിശക്ക് നൽകിയ തമിഴ് സിനിമയിലെ പ്രമുഖ പലിശ ഇടപാടുകാരൻ അൻപ് ചൊഴിയന്റെയും ഓഫീസുകളിൽ രാവിലെ പരിശോധന നടന്നിരുന്നു. അൻപ് ചോഴിയന്റെ മധുരയിലെയും ചെന്നൈയിലെയും വീട്ടുകളിലും ഓഫീസിലും നിന്നാണ് കണക്കിൽ പെടാത്ത 77 കോടി രൂപ പിടികൂടിയത്. നിർമാതാക്കളുടെയും വിതരണക്കാരന്റെയും ഓഫീസുകളിൽ നിന്ന് 300 കോടി രുപയുടെ ആസ്തി രേഖകൾ പിടിച്ചെടുത്തു.
ആധാരങ്ങൾ, പ്രൊമിസറി നോട്ടുകൾ', ഡേറ്റ് എഴുതിയ ചെക്കുകൾ തുടങ്ങിയവ പിടികൂടിയെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതേ സമയം വിജയ്യുടെ സാളിഗ്രാമത്തിലെയും പനയൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടില്ലന്നാണ് സൂചന. നടന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളും കെട്ടിടങ്ങളും അടക്കമുള്ള ആസ്തികളുടെയും രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ പരിശോധന വേണമെന്നാണ് ആദായ നികുതി വകുപ്പ് വാർത്താ കുറിപ്പ് അറിയിച്ചത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവർ പനയൂരിലെ വിജയ്യുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.