കടലിനെ പശ്ചാത്തലമാക്കി അരയന്മാരുടെയും മുക്കുവന്മാരുടെയും നൊമ്പരങ്ങളും പിണക്കങ്ങളും പ്രണയവും പ്രമേയമാക്കി 1991 ഫെബ്രുവരി ഒന്നിനാണ് അമരം എന്ന സിനിമ എത്തുന്നത്. പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ തന്നെ സുവർണലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ചിത്രം. ഭരതനും ലോഹിതദാസും ആദ്യമായി സംവിധായകനും തിരക്കഥാകൃത്തുമായി ഒന്നിച്ച സിനിമ. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനം. ഒപ്പം പ്രണയവും നൊമ്പരവും നിറഞ്ഞ പാട്ടുകളും വിങ്ങലാകുന്ന പശ്ചാത്തല സംഗീതവും.
ചെമ്മീൻ എന്ന ഇതിഹാസ ചിത്രത്തിന് ശേഷം കടലിന്റെ കഥ പറഞ്ഞ അമരം മറ്റൊരു വിസ്മയചിത്രമായി ഇന്നും നിലനിൽക്കുന്നു. കലാപരമായും വാണിജ്യാടിസ്ഥാനത്തിലും വൻഹിറ്റ് ആയ ചിത്രം റിലീസായിട്ട് 29 വർഷങ്ങൾ പിന്നിടുന്നു. അച്ഛന്റെയും മകളുടെയും അഭേദ്യമായ സ്നേഹബന്ധം പറയുന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കെപിഎസി ലളിതയ്ക്ക് ലഭിച്ചു. സംസ്ഥാന അവാർഡുകൾ അടക്കം പിന്നെയും പുരസ്കാരങ്ങൾ. എല്ലാത്തിലുമുപരി ഇന്നും മലയാളികളുടെ മനസ്സിൽ ഈ സിനിമയ്ക്കുള്ള സ്ഥാനവും ചെറുതല്ല.
സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടിയും സംവിധായകൻ ഭരതന്റെ ഭാര്യയുമായ കെപിഎസി ലളിത. സിനിമയെക്കുറിച്ച് ആകെയുള്ള സങ്കടം മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് മാത്രമാണെന്ന് കെപിഎസി ലളിത മനോരമ ന്യൂസ് ഡോട് കോമിനോട് പറയുന്നു.
മമ്മൂട്ടിക്ക് കിട്ടിയില്ല; എനിക്ക് കിട്ടി
അമരം സിനിമ എന്നെ സംബന്ധിച്ച് പ്രത്യേകമാകുന്നത് അതിലൂടെ എനിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു എന്നതാണ്. സിനിമ വളരെയധികം ഹിറ്റായിരുന്നു. സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് എന്റെ മകന്റെ അഭിപ്രായം ഞാൻ ഒളിഞ്ഞു നിന്നു കേട്ടിരുന്നു. അന്നവൻ ചെറുതാണ്. നിനക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആരെയാണെന്ന് ചോദിച്ചപ്പോൾ എന്റെ അമ്മയെയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. അമ്മ ഉറപ്പായും നാഷനൽ അവാർഡ് വാങ്ങിക്കും എന്ന്. അന്ന് അത് കേട്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി.
‘മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് അമരം. ആ സിനിമയിൽ മോശം എന്ന് പറയാൻ ഒന്നും തന്നെയില്ല. പാട്ടുകളെല്ലാം മികച്ച് നിന്നു. മധു അമ്പാട്ടായിരുന്നു കാമറ ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷേ ഏറ്റവും സങ്കടമായത് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചില്ല എന്നതാണ്. അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചത്. ഓരോ ഷോട്ടും മികച്ചതായിരുന്നു. പ്രത്യേകിച്ച് മകൾ പോയതിന് ശേഷം കള്ളുകുടിച്ചിട്ട് 'അവൻ കടലിൽ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ടു വരട്ടെ, അപ്പോൾ ഞാൻ സമ്മതിക്കാം അവൻ നല്ലൊരു അരയനാണെന്ന്' എന്ന് പറഞ്ഞ് നടന്നുപോകുന്ന സീനുണ്ട്. അതൊക്കെ എത്ര ഗംഭീരമാണ്. ഒരിക്കലും മറക്കാൻ പറ്റില്ല...’ ലളിത ഓര്‍ക്കുന്നു.
‘അവാർഡ് കൊടുക്കാതിരിക്കാൻ പല കാരണമുണ്ടാകാം. കിട്ടാൻ ഒരു കാരണം മതി. ഇന്നും മമ്മൂട്ടി അഭിനയിച്ചപോലെ ആർക്കെങ്കിലും അത് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്. മകൾ കല്യാണം കഴിച്ച് അപ്പുറത്ത് വന്നുകയറുന്ന സീന്‍ ഓർത്താൽ മതി. നിശബ്ദമാണ്. ഒരു ബഹളവുമില്ല. മുറ്റത്തു നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സിൽ നിന്ന് ഇന്നും മായുന്നതേയില്ല.’
ഭരതേട്ടൻ പക്ഷേ അന്ന് അതിനെതിരെ ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്നെ പോലെ വായാടി അല്ലല്ലോ. പക്ഷേ മനസ്സിൽ വിഷമം ഉണ്ടായിരുന്നു. ഇത്രമാത്രം പറഞ്ഞു. ‘കഷ്ടപ്പെട്ടത് നമ്മളൊക്കെ, അവാർഡ് കൊണ്ടുപോയത് ബാക്കിയുള്ളവർ...’ അത് എന്നെപ്പറ്റി പറഞ്ഞതാ...!. ഇപ്പോഴായിരുന്നു എങ്കിൽ ചിലപ്പോൾ കിട്ടിപ്പോയേനെ. വളരെ വിഷമം ഉണ്ട്.
മറ്റ് സങ്കടമെന്ന് പറഞ്ഞാൽ ഭരതേട്ടനും ലോഹിതദാസും ഒന്നും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ്. പക്ഷേ അതിൽ നമുക്ക് ഒന്നും പറയാൻ പറ്റില്ല. വിളിക്കുമ്പോള്‍ എന്നായാലും ആരായാലും പോയല്ലേ പറ്റൂ. അവരൊക്കെ ജീവിച്ചിരുന്നെങ്കിൽ അമരം പോലെ പല നല്ല സിനിമകളും ഇന്നുണ്ടായേനെ.
ചെമ്മീനല്ല അമരം
ചെമ്മീൻ എന്ന ക്ലാസിക് സിനിമ മാറ്റി നിർത്തിയാൽ കടലിന്റെ പശ്ചാത്തലത്തിൽ വന്ന ഏറ്റവും നല്ല സിനിമ. അതിനുശേഷം പിന്നെ ഇങ്ങനൊരു സിനിമ ഇല്ലെന്ന് തന്നെ പറയാം. ഈ സിനിമ ഇറങ്ങിയപ്പോഴും ജനങ്ങൾ പറഞ്ഞു ചെമ്മീൻ പോലൊന്നും വരില്ല എന്ന്. പക്ഷേ അതിനോട് കിടപിടിക്കുന്ന സിനിമ തന്നെയായിരുന്നു അമരം. സത്യൻ മാഷ് അതിൽ ചെയ്ത് പഴനിയെപ്പോലെ തന്നെയായിരുന്നു മമ്മൂട്ടിയുടെ അച്ചൂട്ടിയും.
മുരളിയാണ് എന്റെ ഭർത്താവായിട്ട് അഭിനയിച്ചത്. അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. പിന്നീട് ഞാൻ എപ്പോഴും അദ്ദേഹത്തോട് പറയും എന്റെ ഭർത്താവായി അഭിനയിച്ചിട്ടാണ് അവാർഡ് കിട്ടിയതെന്ന്. സത്യത്തിൽ അശോകന്‍ ചെയ്ത രാഘവൻ എന്ന കഥാപാത്രം ചെയ്യാൻ മറ്റൊരാളെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അയാൾക്ക് മഞ്ഞപ്പിത്തം വന്നു പെട്ടെന്നാണ് അശോകനെ തീരുമാനിച്ചത്. അശോകൻ ആ വേഷം മികച്ചതാക്കി.
മമ്മൂട്ടിയുടെ അമരം
മമ്മൂട്ടിയും ചിത്രയും തമ്മിലുള്ള ഒരു ചെറിയ പ്രണയരംഗമുണ്ട്. അവരുടെ പ്രണയം ശരിക്കും നിശബ്ദമായിരുന്നു. പക്ഷേ ഒരു സന്ദർഭത്തിൽ അച്ചൂട്ടി എല്ലാം മറന്ന് അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. അപ്പോൾ തന്നെ അയാൾ ആ മൂഡിൽ നിന്നും തിരിച്ചുവരുന്നു. അതൊക്കെ ഇന്നും ഓർക്കുമ്പോൾ കണ്ണു നിറയും.
എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയ പുരസ്കാരത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ മമ്മൂട്ടിക്കാണ് കൊടുക്കുന്നത്. ഞാൻ സിനിമ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് സെറ്റിൽ ചെല്ലുന്നത്. അതിന് എനിക്ക് ഭരതേട്ടന്റെ അടുത്ത് നിന്ന് നല്ല വഴക്കും കിട്ടി. മുഖം വീര്‍പ്പിച്ചിരിക്കുവാരുന്നു. എന്റെ കഥാപാത്രം എന്താണെന്ന് അറിയുന്നത് തന്നെ അവിടെ ചെന്നിട്ടാണ്. മമ്മൂട്ടിയാണ് എനിക്ക് കഥാപാത്രത്തിന്റെ ഭാവങ്ങളും ഭാഷയും ഒക്കെ പറഞ്ഞു തന്നത്. ഡബ്ബിംഗ് സമയത്ത് പോലും എനിക്കൊപ്പം ഇരുന്ന് ഓരോ മോഡുലേഷനും പറഞ്ഞു തന്നു.
സംവിധായകന്റെ സൂക്ഷ്മത
സിനിമയിലെ കഥാപാത്രങ്ങളുടെ വേഷമൊക്കെ തീരുമാനിച്ചിരുന്നത് സംവിധായകനും ക്യാമറാമാനും ചേർന്നായിരുന്നു. നിറങ്ങളോട് ഏറെ ഇഷ്ടമുള്ള ആളായിരുന്നു ഭരതേട്ടൻ. സീനിൽ വരുന്ന അയയില്‍ വിരിച്ചിട്ടിരിക്കുന്ന തുണിക്ക് പോലും അദ്ദേഹത്തിന് കാഴ്ച്ചപ്പാടുണ്ടാകും. അത് എല്ലാ സിനിമയിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തോട് ചോദിച്ചിട്ടേ ഒരു വേഷം ഇടാൻ പറ്റൂ. അല്ലാതെ തോന്നുന്ന വസ്ത്രം ധരിക്കാൻ പറ്റില്ല. സിനിമ കടലിനോട് ചേർന്ന് ജീവിക്കുന്നവരുടെ കഥയാണ് പറഞ്ഞത്. അപ്പോൾ ഭാഷയ്ക്ക് പ്രത്യേകത ഉണ്ടായിരുന്നു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞൊന്നും ആരും അതിൽ ഒരു കുറ്റവും പറഞ്ഞില്ല. അങ്ങനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒന്നും സിനിമയിൽ ഇല്ലായിരുന്നു.