mallika-poornima

ഇളയ മകൾ നക്ഷത്രയെ ചുണ്ടോടു ചേർത്തുമ്മ വയ്ക്കുന്ന പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രത്തിന് മല്ലിക സുകുമാരൻ നൽകിയ കമന്റ് വൈറലാകുന്നു. മാതൃസ്നേഹം വിളിച്ചോതുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമായിരുന്നു പൂർണിമ പങ്കുവച്ചത്. അതേ ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയാണ് മല്ലിക സുകുമാരൻ ആരാധകരുടെ കൈയ്യടി നേടിയത്.

‘അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക.’–മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂർണിമ കുറിച്ചു.

അതിനു താഴെ വന്ന മല്ലികാ സുകുമാരന്റെ മറുപടി ഇങ്ങനെ: "സത്യം..... അമ്മക്കും രണ്ടു ബേബീസ് ഉണ്ട്.... മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്..... കണ്ടാൽ ഈ വഴിയൊക്കെ ഒന്നു വരാൻ പറയണേ....."

കമന്റ് വന്നതോടെ അതിന് മറുപടിയുമായി ആരാധകരും എത്തി. അമ്മയുടെ ഈ വാക്കുകൾ കേട്ടാൽ ലോകത്ത് എവിടെയാണെങ്കിലും ആ മക്കൾ പറന്നെത്തുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. തിരക്കുകൊണ്ട് അമ്മയെ മറന്നുപോകുന്നതാണെന്ന് വേറെ ചിലർ. ചർച്ച പൃഥ്വിയിലേയ്ക്കും ഇന്ദ്രജിത്തിലേയ്ക്കും തിരഞ്ഞതോടെ വീണ്ടുമൊരു മറുപടിയും മല്ലികയ്ക്കുണ്ടായിരുന്നു.

‘അല്ലെങ്കിലും കൂടാറുണ്ട്.... എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ....." എന്ന് മല്ലിക മറ്റൊരു കമന്റിൽ കുറിച്ചു.